തൃശൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് ഗർഭിണിയായ കോളജ് വിദ്യാർഥിനി റോഡിലേക്ക് തെറിച്ചുവീണു. തെക്കഞ്ചേരി സ്വദേശി ഫാത്തിമയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ചാവക്കാട് തെക്കേ ബൈപാസിലെ വളവിൽ വെച്ചായിരുന്നു അപകടം നടന്നത്.
മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളജിലെ വിദ്യാർഥിനിയായ ഫാത്തിമ കോളജിലേക്ക് പോകുന്നതിനായി ബസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ബസ് വേഗതയിൽ വളവ് തിരിയുന്നതിനിടെ പുറകിലെ വാതിലിലൂടെ യുവതി അപ്രതീക്ഷിതമായി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് പരിക്കേറ്റ ഫാത്തിമയെ ചാവക്കാട്ടെ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ബസുകളുടെ വാതിലുകൾ അടയ്ക്കാതെ യാത്രക്കാരുമായി സർവീസ് നടത്തുന്നതിനെതിരെയും അമിത വേഗതയ്ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.



