വി.ഡി. സതീശനെതിരെ ഗൂഢാലോചന: റിപ്പോർട്ടർ ടി.വി ഉടമ ആന്റോ അഗസ്റ്റിനെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിച്ചെന്ന തരത്തിൽ വ്യാജരേഖ ചമച്ച് പൊതുസമൂഹത്തിൽ അപമാനിക്കാൻ ഗൂഢാലോചന നടത്തിയെന്ന സംഭവത്തിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. മറ്റ് രണ്ടു യുവാക്കളുമായി ചേർന്ന് ഗൂഢാലോചന നടത്തുകയും അറിഞ്ഞുകൊണ്ട് വ്യാജരേഖകൾ കൈവശം വെക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കെ.പി.സി.സി മാധ്യമ വക്താവ് രാജു പി. നായർ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് നൽകിയ പരാതിയിലാണ് വിപുലമായ അന്വേഷണത്തിന് വഴിതുറന്നിരിക്കുന്നത്.

പത്തനംതിട്ടയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ ആന്റോ അഗസ്റ്റിൻ നടത്തിയ വെളിപ്പെടുത്തലുകളാണ് കേസിന് ആധാരം. കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തെന്ന രേഖയുമായി രണ്ട് യുവാക്കൾ റിപ്പോർട്ടർ ചാനൽ ഓഫീസിൽ തന്നെയെത്തി സമീപിച്ചിരുന്നതായി ആന്റോ അഗസ്റ്റിൻ പ്രസ്താവിച്ചിരുന്നു. എന്നാൽ രേഖകളുടെ ആധികാരികതയിൽ സംശയം തോന്നിയതിനാൽ വാർത്ത നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ വ്യാജരേഖകളുണ്ടാക്കി രാഷ്ട്രീയ ഗൂഢാലോചന നടത്തിയ യുവാക്കളെയും അതിന് പിന്നിലുള്ളവരെയും കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. വാർത്താ ചാനൽ ഓഫീസിൽ വന്ന് കണ്ട് രേഖകൾ കൈമാറിയെന്ന് പറയപ്പെടുന്ന യുവാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങളും ആന്റോ അഗസ്റ്റിന്റെ പക്കലുള്ള വ്യാജരേഖകളും പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. തിരുവനന്തപുരം സിറ്റി പോലീസ് കമീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സിറ്റി സൈബർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles