തിരുവനന്തപുരം: പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സി അധികൃതർ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായേ പറ്റൂ എന്ന കർശന നിലപാടുമായി ക്രൈംബ്രാഞ്ച്. വിഷയത്തിൽ കൃത്യമായ നിയമോപദേശം തേടിയ ശേഷം തുടർനടപടികളുമായി വേഗത്തിൽ മുന്നോട്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഭരണഘടനാ സ്ഥാപനമെന്ന പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്ന് വിലയിരുത്തിയ അന്വേഷണ സംഘത്തലവൻ ഐ.ജി അജീതാബീഗം, ആദ്യഘട്ടത്തിൽ പി.എസ്.സി അംഗങ്ങൾക്കും തുടർന്ന് ചെയർമാൻ എം.ആർ. ബൈജുവിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും.
ഇതുമായി ബന്ധപ്പെട്ട് മുൻകാല കോടതി ഉത്തരവുകളുണ്ടോ എന്ന് പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് നിലവിൽ നിയമോപദേശം തേടിയിട്ടുള്ളത്. ക്രിമിനൽ നടപടിച്ചട്ടപ്രകാരമുള്ള അന്വേഷണം ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്നതിനാൽ പി.എസ്.സിയുടെ എതിർപ്പ് അന്വേഷണസംഘം നേരത്തെതന്നെ തള്ളിക്കളഞ്ഞിരുന്നു. വിശദമായ നിയമപരിശോധനയ്ക്കു ശേഷം ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി പി.എസ്.സിക്ക് മറുപടി നൽകും. അതേസമയം, ക്രൈംബ്രാഞ്ച് ഓഫീസുകളിലല്ലാതെ അതിഥി മന്ദിരങ്ങളിൽ വെച്ച് മൊഴിയെടുക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് തന്നെ ഹാജരാകാൻ ഉദ്യോഗസ്ഥർ നിർബന്ധം പിടിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് പി.എസ്.സിയുടെ നീക്കം.
നിലവിൽ കീഴ്ജീവനക്കാരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ, പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കർശന വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സർക്കാരിന് കത്തുനൽകിയിട്ടുണ്ട്. ക്രമക്കേടിൽ ഉന്നതർക്കുള്ള പങ്ക് പുറത്തു കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടന്നിരിക്കുന്നത്.



