മമത ബാനർജിക്ക് വൻ തിരിച്ചടി: നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും തൃണമൂൽ സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്ക് കനത്ത തിരിച്ചടിയേകി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന റെജിനഗർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയും മത്സരരംഗത്തുനിന്ന് പിന്മാറി. ഒക്ടോബർ ആറിന് ജനവിധി തേടുന്ന റെജിനഗറിൽ ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ സ്ഥാനാർത്ഥിയായി പത്രിക നൽകിയ റാബിഉൽ ആലം ചൗധരിയാണ് താൻ മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം നന്ദിഗ്രാമിലെ സ്ഥാനാർത്ഥി സഞ്ചിത പ്രധാൻ ദേ മത്സരരംഗത്തുനിന്ന് പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് റെജിനഗറിലും മമത പക്ഷത്തിന് തിരിച്ചടിയുണ്ടായിരിക്കുന്നത്.

സംസ്ഥാന ഭരണകൂടത്തിൽ നിന്നുള്ള കടുത്ത ഉപദ്രവവും പാർട്ടി പ്രവർത്തകർ നേരിടുന്ന പീഡനങ്ങളുമാണ് തന്റെ പിന്മാറ്റത്തിന് കാരണമെന്ന് റാബിഉൽ ആലം ചൗധരി ആരോപിച്ചു. ഔദ്യോഗിക ചിഹ്നമില്ലാത്തതും ഭരണകൂടത്തിന്റെ സമ്മർദ്ദം കാരണം പ്രവർത്തകർ പ്രദേശം വിട്ടുപോകുന്നതും തെരഞ്ഞെടുപ്പ് രംഗത്ത് തുടരുന്നത് അസാധ്യമാക്കിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നന്ദിഗ്രാമിൽ മമതയുടെ സ്ഥാനാർത്ഥിയായിരുന്ന സഞ്ചിത പ്രധാൻ, ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പത്രിക പിൻവലിച്ചത്. ഇതിനുപിന്നാലെ നന്ദിഗ്രാമിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് മമത പ്രഖ്യാപിച്ചെങ്കിലും, ആ കോൺഗ്രസ് സ്ഥാനാർത്ഥി മിലാൻ പ്രധാനെ പഴകിയ കൊലപാതകക്കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പാർട്ടിയിലുണ്ടായ ആഭ്യന്തര ഭിന്നതകളെ തുടർന്ന് തൃണമൂൽ കോൺഗ്രസിന്റെ പേരും ‘ജോടിപ്പുല്ലും പൂവും’ ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ താത്കാലികമായി മരവിപ്പിച്ചത് മമതയ്ക്ക് നേരത്തെ തന്നെ വലിയ ആഘാതമായിരുന്നു. തുടർന്നാണ് മമത പക്ഷത്തിന് ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘ഫുട്ബോൾ കളിക്കാരൻ’ ചിഹ്നവും, അരുപ് റോയിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് ‘ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘എൻവലപ്പ്’ ചിഹ്നവും കമ്മീഷൻ അനുവദിച്ചത്. കമ്മീഷന്റെ ഈ നടപടിക്കെതിരെ മമത ബാനർജി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ നിയമ-രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിൽ ഇരു മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളില്ലാതെ പോയത് മമത വിഭാഗത്തെ പൂർണ്ണമായും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles