ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി: മാനന്തവാടി ജില്ലാ ജയിലിൽ തുടരും

മാനന്തവാടി: വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യവും സംശയകരമായ ദ്രാവകങ്ങളും പിടികൂടിയ അബ്കാരി കേസിൽ റിപ്പോർട്ടർ ടി.വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ജാമ്യം നിഷേധിക്കപ്പെട്ടതോടെ പ്രതി മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിൽ തുടരും. ആന്റോയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എക്സൈസ് അടിയന്തര അപേക്ഷ നൽകും. ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന അവകാശവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതിയിൽ പ്രത്യേക അന്വേഷണ സംഘം (SIT) വാഴവറ്റയിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 67 ലിറ്ററോളം മദ്യശേഖരം കണ്ടെത്തിയത്. തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിൽ വിദേശമദ്യത്തിന് പുറമേ വ്യാജമദ്യമെന്ന് സംശയിക്കുന്ന 12.75 ലിറ്റർ ദ്രാവകവും സൈനികാവശ്യങ്ങൾക്കുള്ള (Military Supply) മദ്യവും പിടിച്ചെടുത്തു.

ഒരാൾക്ക് നിയമപരമായി കൈവശം വെക്കാവുന്ന അളവിലും കൂടുതൽ മദ്യം കണ്ടെത്തിയതോടെയാണ് അബ്കാരി ആക്ടിലെ 55(എ), 55(ഐ), 58 തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കൊച്ചിയിലെ ചാനൽ ഓഫീസിലെത്തി എക്സൈസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വാഴവറ്റയിലെ വീട് 2022-ൽ മറ്റൊരാൾക്ക് നൽകിയതാണെന്നും താൻ അവിടെ താമസിക്കാറില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂഷൻ ഹാജരാക്കിയ 2025-ലെ ഉടമസ്ഥാവകാശ രേഖകളിലൂടെ കോടതി തള്ളി. പ്രതിക്ക് സമൂഹത്തിലുള്ള സ്വാധീനം ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന എക്സൈസിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

Related Articles

- Advertisement -spot_img

Latest Articles