രാഹുൽ ഗാന്ധിക്കെതിരെ ‘രാജീവ് വധക്കേസ്’ ചൂണ്ടി പോലീസിന്റെ പിടിമുറുക്കൽ; രോഷം

മുംബൈ: ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ വിദ്യാർത്ഥി സംവാദ പരിപാടിയിൽ യുവാക്കൾ പങ്കെടുക്കുന്നത് തടയാൻ ഇൻഡോർ പോലീസ് രാജീവ് ഗാന്ധി വധക്കേസ് അന്വേഷണ റിപ്പോർട്ട് ആയുധമാക്കുന്നതായി പരാതി. പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷാ ചുമതല ഏറ്റെടുക്കാൻ ഇൻഡോറിലെ കോച്ചിംഗ് സെന്റർ നടത്തിപ്പുകാരെയും ഹോസ്റ്റൽ ഉടമകളെയും പോലീസ് ഭീഷണിപ്പെടുത്തുകയും സത്യവാങ്മൂലങ്ങളിൽ നിർബന്ധിച്ച് ഒപ്പിടുവിക്കുകയും ചെയ്യുന്നതായി കോൺഗ്രസ് ആരോപിച്ചു. ശനിയാഴ്ച ഐ.ഡി.എ (IDA) ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിക്ക് മുന്നോടിയായാണ് മധ്യപ്രദേശ് പോലീസിന്റെ ഈ വിവാദ നീക്കം.

രാഹുലിന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂർ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന ജസ്റ്റിസ് ജെ.എസ്. വർമ്മ കമ്മീഷൻ റിപ്പോർട്ട് ഉദ്ധരിച്ച് 31 സുരക്ഷാ നിബന്ധനകളാണ് പോലീസ് മുന്നോട്ടുവെച്ചിരിക്കുന്നത്. സംഘാടകരുടെ ഉത്തരവാദിത്തമില്ലാത്ത സമീപനമാണ് അന്ന് സുരക്ഷ തകരാൻ പ്രധാന കാരണമായതെന്ന് വർമ്മ കമ്മീഷൻ വ്യക്തമാക്കുന്നുണ്ടെന്നും, അതിനാൽ പരിപാടിയിൽ പങ്കെടുന്ന വിദ്യാർത്ഥികൾക്ക് എന്തെങ്കിലും അപകടമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടായാൽ അതിൻറെ പൂർണ്ണ ഉത്തരവാദിത്തം കോച്ചിംഗ് സെന്ററുകൾക്കും വിദ്യാർത്ഥികൾക്കുമായിരിക്കുമെന്നും സത്യവാങ്മൂലത്തിൽ അംഗീകരിക്കേണ്ടതുണ്ട്. ഇതിനുപുറമെ പങ്കെടുക്കുന്നവരുടെ ജില്ല, കോളേജ്, സഞ്ചരിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ, ഡ്രൈവർമാരുടെ വിവരങ്ങൾ തുടങ്ങി കടുത്ത നിയന്ത്രണങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഭരണകക്ഷിയായ ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതികാര ബുദ്ധിയാണ് പോലീസിന്റെ ഈ തീരുമാനത്തിന് പിന്നിലെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയും കോൺഗ്രസ് മീഡിയ കമ്മിറ്റി ചെയർമാൻ പവൻ ഖേരയും ആരോപിച്ചു. ആദ്യം രാഹുൽ ഗാന്ധിയുടെ എസ്.പി.ജി സുരക്ഷ പിൻവലിച്ച സർക്കാർ, ഇപ്പോൾ പരിപാടിക്ക് അനുമതി നൽകാൻ അദ്ദേഹത്തിന്റെ പിതാവിന്റെ ദാരുണമായ വധത്തെക്കുറിച്ച് സർക്കുലറിൽ ഉദ്ധരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് പട്വാരി പറഞ്ഞു. സെപ്റ്റംബർ 12-ന് നടത്താനിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് കോടതി നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടി മാറ്റിവെച്ച ശേഷമാണ് ഇപ്പോഴത്തെ അനാവശ്യ തടസ്സങ്ങളെന്നും, രാഹുൽ വിദ്യാർത്ഥികളുമായി നേരിട്ട് സംവദിക്കുന്നത് തടയാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles