‘ഒരായിരം തവണ വംശീയത നേരിട്ടു, പക്ഷെ ഞാൻ വീഴില്ല’: മനസ്സ് തുറന്ന് ബാഴ്‌സലോണ താരം ലമീൻ യമാൽ

മഡ്രിഡ്: കളിമുറ്റത്തും പുറത്തും നേരിടേണ്ടി വന്ന വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് സ്പാനിഷ് ഫുട്ബോൾ കൗമാരതാരവും ബാഴ്‌സലോണയുടെ മുന്നേറ്റനിരക്കാരനുമായ ലമീൻ യമാൽ. താൻ ഒരായിരം തവണ വംശീയ വിവേചനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും ആളുകൾ പലപ്പോഴും പരോക്ഷമായാണ് അധിക്ഷേപങ്ങൾ നടത്തുന്നതെന്നും യമാൽ വെളിപ്പെടുത്തി. മോവിസ്റ്റാറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മുൻ അർജന്റൈൻ ഫുട്ബോൾ താരം ജോർജ് വാൽഡാനോയോടാണ് യമാൽ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

പലപ്പോഴും വംശീയമായ കമന്റുകളും നോക്കുകളും നേരിടേണ്ടി വരാറുണ്ട്. ആളുകൾ ഉപയോഗിക്കുന്ന വാക്കുകളിലെ വംശീയത അവർപോലും തിരിച്ചറിയാറില്ലെന്നതാണ് യാഥാർത്ഥ്യം. തന്നെ ആരെങ്കിലും ‘കറുത്തവൻ’ എന്ന് വിളിച്ചാൽ അതിൽ വിഷമമില്ലെന്നും കാരണം താൻ കറുത്തവനാണെന്നും താരം പറഞ്ഞു. എന്നാൽ ഏത് ഉദ്ദേശത്തോടും മനോഭാവത്തോടുമാണ് അവർ അത് ഉപയോഗിക്കുന്നത് എന്നതാണ് പ്രധാനം. താൻ കളിക്കുന്ന മത്സരം കാണാൻ ടിക്കറ്റെടുത്ത് എത്തുന്നവർ കാണിക്കുന്ന ഇത്തരം അനാദരവുകൾ കണ്ട് താൻ ഗ്രൗണ്ടിൽ ദേഷ്യപ്പെടാറില്ലെന്നും അത് തന്റെ കളിയെ ബാധിക്കാറില്ലെന്നും യമാൽ വ്യക്തമാക്കി.

കരിയറിന്റെ തുടക്കം മുതൽ വലിയ രീതിയിലുള്ള വംശീയ അധിക്ഷേപങ്ങൾക്ക് ഇരയായ താരമാണ് യമാൽ. 2024 ഒക്ടോബറിൽ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിനിടെ യമാലിനും സഹതാരങ്ങളായ റഫീഞ്ഞ, അൻസു ഫാത്തി എന്നിവർക്കും നേരെ വംശീയാധിക്ഷേപം നടന്നതിന്റെ ദൃശ്യങ്ങൾ വലിയ വിവാദമായിരുന്നു. സ്പാനിഷ് ഒബ്സർവേറ്ററി ഓൺ റാസിസം ആൻഡ് സെനോഫോബിയ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സ്പെയിനിൽ ഓൺലൈൻ അധിക്ഷേപങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയായത് യമാലും റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറുമാണെന്ന് വെളിപ്പെടുത്തിയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles