റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (KKIA) സമീപം വൻ തീപിടിത്തം. ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിലെ ഇന്ധന സംഭരണ ഡിപ്പോയ്ക്ക് തീപിടിച്ചതായാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ 3 മണിയോടെ റിയാദിലും അൽ-ഖർജിലും സൗദി സിവിൽ ഡിഫൻസ് “ശത്രുതാപരമായ വ്യോമ ഭീഷണി” മുന്നറിയിപ്പ് നൽകിയിരുന്നു. താമസക്കാരോട് വീടുകളിൽ തന്നെ തുടരാൻ നിർദ്ദേശിച്ചു. തൊട്ടുപിന്നാലെ രണ്ട് വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി AFP ലേഖകർ റിപ്പോർട്ട് ചെയ്തു. തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ റോയിട്ടേഴ്സ് പുറത്തുവിട്ടു. വിമാനത്താവളത്തിന്റെ ഇന്ധന ഡിപ്പോയിൽ നിന്ന് കറുത്ത പുക ഉയരുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.
സംഭവത്തെ തുടർന്ന് റിയാദിലേക്കുള്ള ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും, ചില സർവീസുകൾ വൈകിയതായും ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. സംഘർഷം രൂക്ഷമാകുന്നുയെമനിൽ ജൂലൈയിൽ ആഭ്യന്തര യുദ്ധം വീണ്ടും രൂക്ഷമായതിന് ശേഷം ആദ്യമായാണ് റിയാദിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്നത്. ഹൂതികൾ ചെങ്കടലിൽ സൗദിക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ബാബ് അൽ മന്ദാബ് കടലിടുക്കിലൂടെയുള്ള സൗദി എണ്ണ കയറ്റുമതി ഗണ്യമായി കുറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.അതേസമയം, ആക്രമണത്തെക്കുറിച്ചോ തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചോ സൗദി സർക്കാർ മീഡിയ ഓഫീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



