ചോക്കാട് മലവെള്ളപ്പാച്ചിൽ: മരണം മൂന്നായി, ആറുപേരെ കാണാതായി; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ട് മൂന്നുപേർ മരിച്ചു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരണപ്പെട്ടത്. ഇതിൽ കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാടൻ അനസിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ച സ്ത്രീയുടെ മൃതദേഹം രാത്രി വൈകിയാണ് കണ്ടെത്തിയത്. നേരത്തെ നാട്ടുകാരും പോലീസും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രണ്ടു പുരുഷന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിൽ ആറുപേരെ കാണാതായിട്ടുണ്ടെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി എ.പി. അനിൽകുമാർ സ്ഥിരീകരിച്ചു.

ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഒളർവട്ടം കടവിലും ചോക്കാട് – അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തിയായ പൂക്കോട്ടുംപാടം ടി.കെ. കോളനി പുഴയിലുമാണ് നാടിനെ നടുക്കിയ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. താഴെ പുഴയോരത്ത് കാര്യമായ മഴയുണ്ടായിരുന്നില്ലെങ്കിലും, മലയോര വനമേഖലയിൽ പെയ്ത കനത്ത മഴയാണ് പുഴയിൽ പെട്ടെന്ന് ജലനിരപ്പും ഒഴുക്കും ഭീതിജനകമാംവിധം വർധിക്കാൻ ഇടയാക്കിയത്. അപകടത്തിൽ ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ പ്രാദേശികവാസികളുടെയും രക്ഷാസേനയുടെയും സമയബന്ധിതമായ ഇടപെടലിലൂടെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചു. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ കണ്ട് നിരവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന പ്രദേശമാണിത്. പാറക്കെട്ടുകൾ നിറഞ്ഞ ഇവിടെ അപകടസാധ്യത വളരെ കൂടുതലാണ്.

അതിനിടെ മലമുകളിൽ കനത്ത മഴ തുടരുന്നതും രാത്രിയിലെ ഇരുട്ടും രക്ഷാപ്രവർത്തനത്തിന് വൻ വെല്ലുവിളിയായതോടെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വീണ്ടും മലവെള്ളപ്പാച്ചിൽ ഉണ്ടാകാനുള്ള സാധ്യതയും അധികൃതർ മുന്നറിയിപ്പായി നൽകുന്നുണ്ട്. മന്ത്രി എ.പി. അനിൽകുമാർ ദുരന്തസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ഏകോപന നിർദേശങ്ങൾ നൽകുകയും ചെയ്തു. വെളിച്ചം വീഴുന്നതോടെ രക്ഷാപ്രവർത്തനം പുനരാരംഭിക്കും.

Related Articles

- Advertisement -spot_img

Latest Articles