വോട്ടുപോയവർക്ക് തിരിച്ചുവരാൻ വഴിതുറന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; തെരുവിൽ നേരിടാൻ ഇന്ത്യാ സഖ്യം

ന്യുഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും ശക്തമാകുന്നതിനിടെ സുപ്രധാന തീരുമാനവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. വിഷയം ചർച്ച ചെയ്യാൻ ചേർന്ന നിർണായക യോഗത്തിലാണ് തീരുമാനം. ബിഹാറും പശ്ചിമ ബംഗാളും ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീവ്ര വോട്ടർപട്ടിക പുതുക്കൽ (SIR) നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. എസ്.ഐ.ആർ സമയത്തോ അതിനുശേഷമോ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്കും, യുവാക്കളും ആദ്യമായി വോട്ട് ചെയ്യുന്നവരും ഉൾപ്പെടെയുള്ളവർക്കും ‘കണ്ടിന്യൂവസ് അപ്ഡേഷൻ’ (Continuous Updation) വഴിയായി ഇനിയും വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. ഇതിനായി ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് (ERO) അപേക്ഷ നൽകാവുന്നതാണ്.

വിഭാഗങ്ങളിൽ പേര് വിട്ടുപോയ വോട്ടർമാരെ എൻറോൾ ചെയ്യുന്നതിനായി ചീഫ് ഇലക്ടറൽ ഓഫീസർമാർ (CEO), ജില്ലാ ഇലക്ടറൽ ഓഫീസർമാർ (DEO), ഇ.ആർ.ഒമാർ എന്നിവർ ഉടൻ തന്നെ പ്രത്യേക ക്യാമ്പയിനുകൾ ആരംഭിക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ സി.ഇ.ഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനൊപ്പം, ക്ലെയിമുകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള കാലാവധി കമ്മീഷൻ 2026 ഒക്ടോബർ 30 വരെയും, നോട്ടീസുകളും ക്ലെയിമുകളും തീർപ്പാക്കുന്നതിനുള്ള കാലാവധി 2026 നവംബർ 30 വരെയും നീട്ടി നൽകിയിട്ടുണ്ട്. അതേസമയം, എസ്.ഐ.ആറിന് ഒപ്പമുള്ള ഫോം 6-ൽ മാറ്റമുണ്ടാകില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.

മറുവശത്ത്, തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങൾക്കെതിരെ രാജ്യവ്യാപകമായി ഒറ്റക്കെട്ടായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ഇന്ത്യാ സഖ്യം നീക്കം നടത്തുന്നത്. വിവിധ രാഷ്ട്രീയ കക്ഷികൾ നടത്തുന്ന സമരങ്ങൾക്ക് പുറമെയാണ് ഈ നീക്കം. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകവുമായും (TVK) മറ്റ് പ്രമുഖ കക്ഷികളുമായും പ്രാഥമിക ആശയവിനിമയങ്ങൾ പൂർത്തിയായതായാണ് വിവരം

Related Articles

- Advertisement -spot_img

Latest Articles