കൊച്ചി: രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും സ്വതന്ത്ര സ്വഭാവവും തകർത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പദവിയിൽ നിന്ന് ഉടനടി രാജിവെക്കണമെന്ന് കേരള മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ വിശ്വാസ്യത തകർത്ത നടപടികളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും രാജ്യത്തോടും ജനങ്ങളോടും മാപ്പ് പറയാൻ ഗ്യാനേഷ് കുമാർ തയ്യാറാകണമെന്നും സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6-ലും വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയകളിലും (എസ്.ഐ.ആർ) ഏകപക്ഷീയമായി മാറ്റങ്ങൾ വരുത്തിയത് നിയമവിരുദ്ധവും ജന പ്രാതിനിധ്യ നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് ടിക്കാറാം മീണ ചൂണ്ടിക്കാട്ടി.
കമ്മീഷനിലെ മറ്റ് അംഗങ്ങളായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരെ വിശ്വാസത്തിലെടുക്കാതെയും യാതൊരുവിധ കൂടിയാലോചനകളും നടത്താതെയുമാണ് ഗ്യാനേഷ് കുമാർ പല നിർണ്ണായക തീരുമാനങ്ങളും കൈക്കൊണ്ടത്. കൂട്ടായ തീരുമാനങ്ങളിലൂടെ മുന്നോട്ട് പോകേണ്ട ഒരു ഭരണഘടനാ സ്ഥാപനത്തിൽ ഏകപക്ഷീയമായി പ്രവർത്തിച്ച് അദ്ദേഹം ജനാധിപത്യ കീഴ്വഴക്കങ്ങൾ ലംഘിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സംവിധാനമാണെന്നും, യാതൊരുവിധ ബാഹ്യ സമ്മർദ്ദങ്ങൾക്കും പ്രത്യേകിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദങ്ങൾക്ക് പോലും അത് വഴങ്ങാൻ പാടില്ലാത്തതാണെന്നും മീണ ഓർമ്മിപ്പിച്ചു. എന്നാൽ ഗ്യാനേഷ് കുമാർ കടുത്ത സമ്മർദ്ദങ്ങൾക്ക് അടിമപ്പെട്ട് പ്രവർത്തിക്കുകയും രാജ്യത്തെ വഞ്ചിക്കുകയും ചെയ്തുവെന്ന് ആരോപിച്ച അദ്ദേഹം, പദവിയിൽ തുടരാൻ അർഹതയില്ലാത്ത കമ്മീഷണർ ഉടൻ തന്നെ രാജിവെച്ച് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു.



