ജുബൈൽ :ബാംഗ്ലൂരിൽ നടന്ന റോഡപകടത്തിൽ എറണാകുളം സ്വദേശിയായ മലയാളി വിദ്യാർത്ഥി ദാരുണമായി മരിച്ചു. ജുബൈൽ ഇന്ത്യൻ എംബസി സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയ അർമാൻ (22) ആണ് അപകടത്തിൽ മരണപെട്ടത്.
ബെല്ലുള്ളി ക്രോസ് നിക്കൂ 8 ഹോംസിന് സമീപം ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
അർമാനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇന്നോവ ക്രിസ്റ്റ കാർ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ അർമാൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്തുജയന്തി കോളജിൽ ബി.കോം പഠനം പൂർത്തിയാക്കിയ ശേഷം സ്വകാര്യ കോളജിൽ തുടർപഠനം നടത്തിവരികയായിരുന്നു അർമാൻ.
അപകടവിവരമറിഞ്ഞ് അർമാന്റെ പിതാവ് സിറാജ് നാട്ടിൽനിന്ന് ബംഗളൂരുവിലേക്ക് തിരിച്ചു. ക്യാൻസർ ബാധിതയായ മാതാവ് രണ്ടുമാസങ്ങൾക്ക് മുമ്പാണ് മരണപ്പെട്ടത്. ഏക മകൻ ആയിരുന്നു.
പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി യെലഹങ്ക സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും, തുടർന്ന് നാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യും.



