തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിൻറെ അവസാനകാലത്ത് പുനഃസംഘടിപ്പിച്ച സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ മുന്നണി തലത്തിലും സർക്കാർ തലത്തിലും ധാരണയായി. ബോർഡ് പുനഃസംഘടനയിൽ സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഹൈകോടതി വ്യക്തമാക്കിയതോടെയാണ് ഈ നീക്കത്തിന് വഴിയൊരുങ്ങിയത്. പിരിച്ചുവിടൽ നീക്കത്തിനെതിരെ നിലവിലെ ചെയർമാൻ കെ.എസ്. ഹംസയും അംഗം മുക്കം ഉമർ ഫൈസിയും കോടതിയെ സമീപിച്ചിരുന്നെങ്കിലും, എൽ.ഡി.എഫ് കാലത്തെ ബോർഡ് പുനഃസംഘടനയിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയില്ലെന്നതടക്കമുള്ള ഹരജികൾ പരിഗണിച്ചാണ് സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഹൈകോടതി വ്യക്തമാക്കിയത്.
അതേസമയം, ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന കേന്ദ്ര വഖഫ് നിയമഭേദഗതിയിലെ വ്യവസ്ഥ, സുപ്രീംകോടതി പരിഗണനയിലുള്ള കേസിന്റെ അന്തിമ വിധിക്ക് ശേഷമേ നടപ്പിലാക്കൂ. അതുവരെ ആ സ്ഥാനങ്ങൾ ഒഴിച്ചിടാനാണ് തീരുമാനം. പുതിയ ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ നിലവിൽ അന്തിമഘട്ടത്തിലാണ്. 2026 ഫെബ്രുവരി നാലിനാണ് ഭേദഗതി വരുത്തിയ കേന്ദ്ര വഖഫ് നിയമം അടിസ്ഥാനമാക്കി എൽ.ഡി.എഫ് സർക്കാർ പുതിയ വഖഫ് ബോർഡ് രൂപവത്കരിച്ചത്.
അഡ്വ. എം.കെ. സക്കീർ ചെയർമാനായിരുന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം രാജിവെച്ചതിനെ തുടർന്നാണ് കെ.എസ്. ഹംസ ചെയർമാനായത്. അഞ്ച് വർഷം കാലാവധിയുള്ള ബോർഡിന് യു.ഡി.എഫ് സർക്കാറിന്റെ അവസാനകാലം വരെ തുടരാമെങ്കിലും നിലവിലെ ഭരണപരമായ തീരുമാനത്തിന്റെ ഭാഗമായാണ് പിരിച്ചുവിടുന്നത്.



