നിയമസഭ കയ്യാങ്കളിക്കേസ്; വിചാരണ നവംബര്‍ മൂന്നിന് തുടങ്ങും

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ വലിയ രീതിയിൽ പിടിച്ചുലച്ച നിയമസഭ കയ്യാങ്കളിക്കേസിന്റെ വിചാരണ 11 വര്‍ഷത്തിന് ശേഷം നവംബര്‍ മൂന്നിന് ആരംഭിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടപടികൾ നടക്കുക. കേസിലെ ഒന്നാം സാക്ഷിയും അന്നത്തെ നിയമസഭ സെക്രട്ടറിയുമായിരുന്ന ശാര്‍ങ്ഗധരനെ കോടതി ആദ്യദിനം വിസ്തരിക്കും. കൂടാതെ, സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെയു ഡിവിആര്‍ പകര്‍ത്തിയ എഞ്ചിനീയറെയും കോടതി വിസ്തരിക്കുന്നുണ്ട്.

സർക്കാരിനായി അഡ്വ. സന്തോഷ് കുമാറാണ് കേസിന്റെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഹാജരാകുന്നത്. 2015 മാര്‍ച്ച് 13നാണ് അന്നത്തെ യു.ഡി.എഫ് സർക്കാരിൽ ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാൻ എൽ.ഡി.എഫ് എം.എൽ.എമാർ സഭയ്ക്കുള്ളിൽ പ്രതിഷേധിച്ചത്. സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ചുകയറി കസേര, കംപ്യൂട്ടറുകൾ, മൈക്ക്, ഇലക്ട്രോണിക് പാനലുകൾ എന്നിവ തകർത്ത് 2,20,093 രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് കേസ്.

മുൻമന്ത്രിമാരായ വി. ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, കെ. അജിത് (നിലവിൽ ബി.ജെ.പിയിൽ), കെ. കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ. സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികൾ. കേസ് റദ്ദാക്കണമെന്നും വിചാരണ നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫ് സർക്കാർ സുപ്രീംകോടതി വരെ സമീപിച്ചിരുന്നെങ്കിലും 2021 ജൂലൈയിൽ സുപ്രീം കോടതി ഈ അപ്പീൽ തള്ളുകയും വിചാരണ നേരിടാൻ ഉത്തരവിടുകയുമായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles