ടെഹ്റാൻ: മാസങ്ങൾ നീണ്ട യുദ്ധത്തിനും ഓൺലൈൻ പഠനത്തിനും ശേഷം ഇറാനിലെ ദശലക്ഷക്കണക്കിന് കുട്ടികൾ വീണ്ടും വിദ്യാലയങ്ങളിലേക്ക് മടങ്ങിയെത്തുന്നു. അധ്യയനം പുനരാരംഭിച്ചെങ്കിലും തകർന്ന സ്കൂൾ കെട്ടിടങ്ങളും, യുദ്ധമുണ്ടാക്കിയ കടുത്ത ഭീതിയും മാനസിക ആഘാതവും കുട്ടികളുടെയും രക്ഷിതാക്കളുടെയും പഠനാന്തരീക്ഷത്തെ വലിയ തോതിൽ ബാധിക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം യു.എസ്-ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ രാജ്യത്തുടനീളം 1,288 സ്കൂളുകൾക്കാണ് ഭാഗികമായോ പൂർണ്ണമായോ കേടുപാടുകൾ സംഭവിച്ചത്.
മിനാബിലെ ഷാജറേ തയ്യബ പ്രൈമറി സ്കൂളിന് നേരെ നടന്ന ആക്രമണമടക്കമുള്ള ദുരന്തങ്ങളുടെ ഓർമ്മകൾ ഇന്നും ജനങ്ങളെ വേട്ടയാടുന്നുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി തെക്കൻ പ്രവിശ്യകളിലെ വിദ്യാലയങ്ങളിൽ രണ്ട് ആഴ്ച കൂടി ഓൺലൈൻ പഠനം തുടരാനാണ് അധികൃതരുടെ തീരുമാനം.യുദ്ധഭീതി പൂർണ്ണമായി ഒഴിയാത്ത സാഹചര്യത്തിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കാൻ രക്ഷിതാക്കൾ ഇപ്പോഴും മടിക്കുകയാണ്. തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് ആവശ്യമായ കൗൺസിലിംഗും മാനസിക പിന്തുണയും നൽകാനുള്ള വലിയ വെല്ലുവിളിയാണ് ഇറാനിയൻ വിദ്യാഭ്യാസ വകുപ്പ് നിലവിൽ നേരിടുന്നത്.



