ഡൽഹിയിലെ ചേരിയിൽ 728-ൽ 727 വോട്ടർമാരെയും പട്ടികയിൽ നിന്ന് നീക്കി; പ്രതിഷേധവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹിയിലെ യമുനാ തീരത്തുള്ള ബെലാ എസ്റ്റേറ്റ്  ചേരിയിലെ 728 വോട്ടർമാരിൽ 727 പേരുടെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയതറിഞ്ഞ് നേരിട്ടെത്തി പ്രദേശം സന്ദർശിച്ച രാഹുൽ ഗാന്ധി, സ്ഥലത്തെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ (SDM) നേരിട്ട് ഫോണിൽ വിളിച്ച് കടുത്ത അമർഷം അറിയിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് താമസിച്ച് 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2025-ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയ സാധാരണക്കാരുടെ അവകാശമാണ് പ്രത്യേക പുനഃപരിശോധനയുടെ (SIR) പേരിൽ ഇല്ലാതാക്കിയിരിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. 2023-ൽ ഇവരുടെ വീടുകൾ തകർക്കപ്പെട്ടിരുന്നുവെങ്കിലും ഇവർ മറ്റെങ്ങും പോകാതെ ഇവിടെത്തന്നെയാണ് കഴിയുന്നത്. സ്ഥിരമായ വീടുണ്ടോ ഇല്ലയോ എന്നത് ഒരാളുടെ വോട്ടവകാശത്തെ ബാധിക്കുന്ന വിഷയമല്ലെന്നും, വീടില്ലാത്തവർക്കായി ‘ഹൗസ് നമ്പർ 0’ ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

എസ്.ഡി.എമ്മുമായുള്ള ഫോൺ സംഭാഷണത്തിൽ, ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വോട്ട് നീക്കം ചെയ്തതെന്ന് രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. ഇത് നഗ്നമായ ‘വോട്ട് മോഷണ’മാണെന്നും പാവപ്പെട്ടവരുടെ ഏക രാഷ്‌ട്രീയ അധികാരത്തെ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചീഫ് ഇലക്ഷൻ കമ്മീഷണർ ഒടുവിൽ പദവിയിൽ നിന്ന് ഒഴിയുമെങ്കിലും ഇതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥ സംവിധാനം ഇതിന് മറുപടി പറയേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Articles

- Advertisement -spot_img

Latest Articles