തലശ്ശേരി/കൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ വിചാരണകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള പ്രതികൾ സമർപ്പിച്ച ഹരജി ഹൈകോടതി തള്ളി. കേസിലെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻ കോടതിയിൽ തന്നെ പൂർത്തിയാക്കണമെന്നും ഹൈകോടതി നിർദ്ദേശിച്ചു. വിചാരണക്കോടതി തങ്ങളോട് പക്ഷപാതപരമായി പെരുമാറുന്നുവെന്നും കേസിൽ ഇടപെടുന്നുവെന്നും ആരോപിച്ചാണ് പ്രതിഭാഗം കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരുന്നത്. എട്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ 2026 മേയിലാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചത്.
എന്നാൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കോടതിയോട് നിസ്സഹകരിക്കുകയും കോടതിയിൽ ഹാജരാകാതിരിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് പ്രതികളുടെ ജാമ്യം തലശ്ശേരി കോടതി റദ്ദാക്കിയെങ്കിലും പിന്നീട് ഹൈകോടതി ഈ നടപടി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് വിചാരണക്കോടതി മാറ്റണം എന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജിയെ സംസ്ഥാന സർക്കാർ ഹൈകോടതിയിൽ ശക്തമായി എതിർത്തു. വിചാരണ വേളയിൽ ജഡ്ജ് പക്ഷം ചേർന്ന് സംസാരിച്ചിട്ടില്ലെന്നും ഇതിന് തെളിവുകൾ ഹാജരാക്കാൻ പ്രതിഭാഗത്തിന് സാധിച്ചിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കിയതോടെയാണ് ഹൈകോടതി ഹരജി തള്ളിയത്.



