റിയാദ്: ആഭ്യന്തര സംഘർഷം രൂക്ഷമായ സൂഡാന്റെ സുസ്ഥിരതയ്ക്കും പരമാധികാരത്തിനും സൗദി അറേബ്യയുടെ പൂർണ്ണ പിന്തുണ പുനരറിയിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് രാജകുമാരൻ. സൂഡാൻ ട്രാൻസിഷണൽ സോവറിൻ്റി കൗൺസിൽ ചെയർമാൻ ജനറൽ അബ്ദൽ ഫത്താഹ് അൽ ബുർഹാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് സൗദി കിരീടാവകാശി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയതെന്ന് സൗദി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൂഡാന്റെ ഭൗമിക സമഗ്രത കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്ത് സമാധാനം തിരികെ കൊണ്ടുവരുന്നതിനും നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും സൗദിയുടെ പിന്തുണയുണ്ടാകുമെന്ന് ചർച്ചയിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്ത് പൂർണ്ണമായ വികസനം സാധ്യമാക്കുന്നതിനും, ആഭ്യന്തരയുദ്ധം മൂലം അഭയാർത്ഥികളാകേണ്ടി വന്ന ദശലക്ഷക്കണക്കിന് ജനങ്ങൾക്കും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ടവർക്കും സ്വന്തം വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങിയെത്താനും ഇത്തരത്തിലുള്ള സമാധാന ശ്രമങ്ങൾ വഴിതുറക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.
സൂഡാനിൽ മാസങ്ങളായി തുടരുന്ന സൈനിക സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ മുൻകൈയെടുക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ജിദ്ദ കേന്ദ്രീകരിച്ച് നേരത്തെ നടന്ന സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ, മേഖലയിലെ സുരക്ഷയും മാനുഷിക ആശ്വാസ പ്രവർത്തനങ്ങളും ഉറപ്പാക്കാനുള്ള നീക്കങ്ങൾ കൂടിക്കാഴ്ചയുടെ ഭാഗമായി വീണ്ടും വിലയിരുത്തപ്പെട്ടു.



