ദോഹ: ഗസ്സ മുനമ്പിലെയും തെക്കൻ ലബനാനിലെയും പ്രദേശങ്ങൾ തങ്ങളോട് കൂട്ടിച്ചേർക്കുമെന്ന ഇസ്രായേൽ പ്രസ്താവനകളെ പൂർണ്ണമായും തള്ളി ഖത്തർ വിദേശകാര്യ മന്ത്രാലയം. ഇസ്രായേലിന്റെ ഇത്തരം അധിനിവേശ നിലപാടുകൾ അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭാ പ്രമേയങ്ങൾക്കും നേരേയുള്ള നഗ്നമായ വെല്ലുവിളിയാണെന്ന് എക്സിലൂടെ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ ദോഹ അപലപിച്ചു.അധിനിവേശ ഫലസ്തീൻ മണ്ണിലെ ഇസ്രായേലിന്റെ വിപുലീകരണ പദ്ധതികളും അനധികൃത കുടിയേറ്റ നയങ്ങളും അടിയന്തിരമായി അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഇസ്രായേലിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
ഫലസ്തീൻ ജനതയ്ക്ക് അവരുടെ സ്വതന്ത്ര രാഷ്ട്രത്തിനായുള്ള അവകാശം ഉറപ്പാക്കേണ്ടതുണ്ട്. അധിനിവേശം അവസാനിപ്പിച്ച്, കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967-ലെ അതിർത്തികളുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര ഫലസ്തീൻ രാജ്യം സ്ഥാപിക്കണമെന്ന നിലപാടിൽ ഖത്തർ ഉറച്ചുനിൽക്കുന്നു. ഇതോടൊപ്പം, അയൽരാജ്യമായ ലബനാന്റെ പരമാധികാരത്തിനും ഭൗമിക സമഗ്രതയ്ക്കും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത ഖത്തർ, ലബനാനിന്റെ മണ്ണിലെ ഇസ്രായേൽ കടന്നുകയറ്റ ശ്രമങ്ങൾ മേഖലയിലെ സമാധാന അന്തരീക്ഷത്തെ തകർക്കുമെന്നും ഓർമ്മിപ്പിച്ചു.



