അശരണർക്ക് തണലായി റിയാദ് ഐ.സി.എഫ്; ‘സ്നേഹസ്പർശം’ മൂന്നാം ഘട്ട കാരുണ്യ പദ്ധതിക്ക് തുടക്കം

റിയാദ്: റിയാദിലെ സാമൂഹിക-പ്രസ്ഥാനിക രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും പിന്നീട് ഗുരുതര രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം നാട്ടിൽ ദുരിതമനുഭവിക്കുകയും ചെയ്യുന്ന മുൻകാല പ്രവർത്തകർക്കും, മരണപ്പെട്ട പ്രവർത്തകരുടെ കുടുംബങ്ങൾക്കും ആശ്വാസമേകി റിയാദ് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ (ഐ.സി.എഫ്) ‘സ്നേഹസ്പർശം’ മൂന്നാം ഘട്ട ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി. 2026 സെപ്റ്റംബർ മുതൽ 2027 ഓഗസ്റ്റ് വരെയുള്ള ഒരു വർഷക്കാലയളവിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

നിത്യരോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരും ദൈനംദിന മരുന്നുകൾ വാങ്ങാൻ പോലും വകയില്ലാത്തവരുമായ തെരഞ്ഞെടുത്ത മുൻകാല പ്രവാസികൾക്ക് കൃത്യമായ പ്രതിമാസ ധനസഹായം പദ്ധതിയിലൂടെ നേരിട്ടെത്തിക്കും. കൂടാതെ, നിര്യാതരായ ആറ് മുൻ പ്രവാസികളുടെ കുടുംബങ്ങൾക്ക് പൂർണ്ണ പിന്തുണ ഉറപ്പാക്കുകയും ചെയ്യും. പദ്ധതിയുടെ നടത്തിപ്പിനായി പ്രതിമാസം വേണ്ടിവരുന്ന ഏകദേശം ഒരു ലക്ഷം രൂപ അൽ ഖുദ്സ് ഉംറ സർവീസ് വഴിയാണ് കണ്ടെത്തുന്നത്.

പ്രവാസ ലോകത്ത് നിരവധി നിർധനർക്ക് കൈത്താങ്ങായ അൽ ഖുദ്സ് ഉംറ സർവീസിലൂടെ ലഭിക്കുന്ന വരുമാനം പൂർണ്ണമായും അശരണരായ കുടുംബങ്ങളുടെ ക്ഷേമത്തിനായാണ് വിനിയോഗിക്കുന്നത്. പ്രവാസ ഭൂമിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുൻകാല പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും ചേർത്തുപിടിക്കുന്ന ഈ പദ്ധതി സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles