വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരുടെ അഴിഞ്ഞാട്ടം; ഫലസ്തീനികളുടെ വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടു

രാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഗ്രാമങ്ങളിൽ അതിക്രമിച്ചുകയറിയ നൂറിലധികം വരുന്ന ഇസ്രായേലി കുടിയേറ്റക്കാർ ജനവാസ മേഖലകൾക്കും വാഹനങ്ങൾക്കും തീയുവെച്ചു. രാമല്ലയ്ക്കും നബ്ലസിനും സമീപമുള്ള ജാലൂദ്, അൽ-മുഗയ്യർ, തൽഫീത് തുടങ്ങിയ ഗ്രാമങ്ങളിലാണ് ആയുധധാരികളായ ഇസ്രായേലി കുടിയേറ്റ സംഘങ്ങൾ ആക്രമണം അഴിച്ചുവിട്ടത്. വീടുകൾക്ക് നേരെ തീയിട്ടതിനെ തുടർന്ന് സ്ത്രീകളും കുട്ടികളും നവജാതശിശുവുമടങ്ങുന്ന കുടുംബങ്ങൾക്ക് പ്രാണരക്ഷാർത്ഥം വീടുകളിൽ നിന്ന് ഇറങ്ങി ഓടേണ്ടിവന്നു.

നീണ്ട കോടതി പോരാട്ടത്തിന് ശേഷം സൈനിക സംരക്ഷണത്തോടെ വീടുകളിലേക്ക് മടങ്ങിയെത്തിയ തൗബാസി കുടുംബത്തിന്റെ രണ്ട് വീടുകളാണ് കുടിയേറ്റക്കാർ പ്രധാനമായും തകർത്തത്. വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടതിന് പുറമെ ഗ്രാമവാസികളായ ഫലസ്തീനികളെ കുടിയേറ്റക്കാർ ഭീകരമായി മർദ്ദിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് ഇസ്രായേലി സുരക്ഷാ സേന എത്തിയെങ്കിലും അക്രമം തടയാൻ തയ്യാറായില്ലെന്നും, പകരം ആക്രമണം നടത്തിയ കുടിയേറ്റക്കാർക്ക് സംരക്ഷണം നൽകുകയാണുണ്ടായതെന്നും പ്രദേശവാസികളും അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

സംഭവത്തെ തുടർന്ന് ഗ്രാമങ്ങളിൽ കടുത്ത ഭീതിയും സംഘർഷാവസ്ഥയും നിലനിൽക്കുകയാണ്. വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഭൂമിയും വീടുകളും ബലമായി കൈയേറുന്നതിന്റെ ഭാഗമായാണ് കുടിയേറ്റക്കാർ നിരന്തരം ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് പ്രാദേശിക മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ കടുത്ത അമർഷവും പ്രതിഷേധവും ഉയരുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles