പാരീസ്: അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇമ്മാനുവൽ മാക്രോൺ സർക്കാർ പ്രഖ്യാപിച്ച വൻ ബജറ്റ് വെട്ടിച്ചുരുക്കലുകൾക്കെതിരെ ഫ്രാൻസിൽ ശക്തമായ പ്രക്ഷോഭം. വിദ്യാർത്ഥികൾ നൂറുകണക്കിന് സ്കൂളുകൾ ഉപരോധിക്കുകയും പൊതുമേഖലാ ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തതോടെ രാജ്യം സ്തംഭനാവസ്ഥയിലായി. സർക്കാർ തങ്ങളുടെ പുതിയ 2027 സാമ്പത്തിക ബജറ്റ് പുറത്തുവിടാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് രാജ്യത്തുടനീളം വലിയ രീതിയിലുള്ള പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അധ്യാപകരുടെ രൂക്ഷമായ ക്ഷാമവും ക്ലാസ് മുറികളിലെ അമിത തിരക്കും മൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദ്യാർത്ഥികളുടെ പ്രതിഷേധം കനത്തു വരികയായിരുന്നു.
രാജ്യത്തെ 330-ലധികം ഹയർ സെക്കൻഡറി സ്കൂളുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ലില്ലെ, നാന്റെസ്, പാരീസ്, മർസെയിൽ, ബോർഡോ, ലിയോൺ തുടങ്ങിയ പ്രധാന നഗരങ്ങളിൽ പ്രതിഷേധക്കാരായ വിദ്യാർത്ഥികളും പോലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. റോഡുകളിൽ മാലിന്യ നിക്ഷേപ പെട്ടികൾക്ക് തീയിടുകയും ബാരിക്കേഡുകൾ ഉയർത്തുകയും ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. അക്രമസംഭവങ്ങളിൽ പത്ത് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പരിക്കേൽക്കുകയും 40 ഓളം പേർ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.

വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി പൊതുമേഖലാ കായിക-രക്ഷാ സേനയായ ഫയർഫൈറ്റർമാരും അധ്യാപകരും ജീവനക്കാരും പണിമുടക്കിൽ പങ്കുചേർന്നു. 54 ബില്യൺ യൂറോയുടെ ചെലവുചുരുക്കൽ നയത്തിന്റെ ഭാഗമായി സർക്കാർ തങ്ങളുടെ അടിസ്ഥാന ശമ്പളം മരവിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ജി.ടി (CGT) ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സമരം ശക്തമാക്കിയത്. വേതന വെട്ടിക്കുറക്കൽ നടപടികൾ തിരുത്താൻ സർക്കാറിന് 48 മണിക്കൂർ സമയം നൽകിയിരിക്കുകയാണ് യൂണിയൻ നേതാക്കൾ. വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ പണിമുടക്ക് സർവീസുകളെയും ബാധിച്ചിട്ടുണ്ട്.



