തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമരം ശക്തമാക്കാൻ പ്രതിപക്ഷം; ‘ഇൻഡ്യ’ സഖ്യ യോഗം ഇന്ന്

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തെ വിവിധ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രക്ഷോഭങ്ങൾ ഏകോപിപ്പിച്ച് സമരം കൂടുതൽ ശക്തമാക്കുന്നു. നിലവിൽ വിവിധ പാർട്ടികൾ വേറിട്ട് നടത്തുന്ന പ്രതിഷേധങ്ങൾ ഒന്നിപ്പിക്കാൻ ഇന്ന് ചേരുന്ന ‘ഇൻഡ്യ’ (INDIA) സഖ്യത്തിന്റെ യോഗത്തിൽ തീരുമാനമെടുക്കും. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി (CWC) യോഗം പ്രതിപക്ഷ നിരയെ ഒന്നിപ്പിച്ച് രാജ്യവ്യാപക പ്രക്ഷോഭത്തിന് തീരുമാനിച്ചിരുന്നു. ഡി.എം.കെ ഉൾപ്പെടെയുള്ള പാർട്ടികളെക്കൂടി സമരത്തിന്റെ ഭാഗമാക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

ഗ്യാനേഷ് കുമാറിന്റെ രാജി, സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികൾ റദ്ദാക്കൽ, വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ വീണ്ടും ഉൾപ്പെടുത്തൽ എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം സംയുക്തമാക്കുന്നത്. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുന്നതിനായി പാർലമെന്റിൽ പ്രമേയം കൊണ്ടുവരാൻ എം.പിമാരുടെ ഒപ്പുശേഖരണവും ആരംഭിക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാന കേന്ദ്രങ്ങളിലും ഡൽഹിയിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പ്രതിഷേധങ്ങൾ.

അതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച മുതിർന്ന സിപിഐ(എം) നേതാവും മുൻ മന്ത്രിയുമായ എം.എ. ബേബി, സുചേത ദേ, ശ്വേതാ രാജ് ഉൾപ്പെടെയുള്ള ഇടത് നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. വൃന്ദാ കാരാട്ട്, എം.പിമാരായ ഡോ. വി. ശിവദാസൻ, എ.എ. റഹീം തുടങ്ങിയ നേതാക്കൾ പങ്കെടുത്ത മാർച്ച് തടഞ്ഞ പോലീസ്, കൊടികളും പ്ലക്കാർഡുകളും പിടിച്ചെടുത്ത് ചില നേതാക്കളെ വലിച്ചിഴച്ചാണ് വാഹനങ്ങളിൽ കയറ്റിയത്.

അതേസമയം, ഗ്യാനേഷ് കുമാറിനെതിരെ സമർപ്പിക്കപ്പെട്ട ഹരജികൾ വേഗത്തിൽ പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ഹരജികൾ അടുത്തയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഗ്യാനേഷിന്റെ സസ്പെൻഷൻ, എസ്.ഐ.ആർ പ്രക്രിയ റദ്ദാക്കൽ, കമ്മീഷന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ വിലക്കൽ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

Related Articles

- Advertisement -spot_img

Latest Articles