റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ ‘ഡോക്ടർ ടാനിയ സ്കിൻകെയർ’ (Dr. Tanya Skincare) സൗദി അറേബ്യൻ വിപണിയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. റിയാദ് ലുലു ഹൈപ്പർമാർക്കറ്റിൽ (ഫസ്റ്റ് അവന്യൂ മോൾ) നടന്ന ചടങ്ങിൽ സൗദിയിലെ ഓസ്ട്രേലിയൻ അംബാസഡർ മൈൽസ് ആർമിറ്റേജ് ഉൽപ്പന്നങ്ങളുടെ ഔദ്യോഗിക ലോഞ്ചിങ് നിർവ്വഹിച്ചു. ലുലു ഗ്രൂപ്പ് ഉന്നതാധികൃതരും ബ്രാൻഡ് പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് (BLSH) ഔട്ട്‌ലെറ്റുകൾക്ക് പുറമെ പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളായ നൂൺ (Noon KSA), ആമസോൺ (Amazon KSA) എന്നിവ വഴിയും ഉൽപ്പന്നങ്ങൾ ഇനി രാജ്യത്തുടനീളം ലഭ്യമാകും.
20 വർഷത്തിലധികം വൈദ്യശാസ്ത്ര പരിചയസമ്പത്തുള്ള ഓസ്‌ട്രേലിയൻ സ്കിൻ ഡോക്ടർ ഡോ. തന്യ ഉണ്ണി രൂപകൽപ്പന ചെയ്ത ഈ ഉൽപ്പന്നങ്ങൾ, മിഡിൽ ഈസ്റ്റിലെ കഠിനമായ ചൂട്, കടുത്ത സൂര്യാഘാതം, വരണ്ട കാലാവസ്ഥ എന്നിവ മൂലമുണ്ടാകുന്ന ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് വികസിപ്പിച്ചെടുത്തത്. അൾട്രാവയലറ്റ് (UV) രശ്മികളിൽ നിന്നുള്ള സംരക്ഷണം, പിഗ്മെന്റേഷൻ, ചർമ്മത്തിലെ വരൾച്ച, അകാല വാർദ്ധക്യം എന്നിവ പരിഹരിക്കുന്നതിനുള്ള പ്രത്യേക ഫോർമുലേഷനുകൾ ഏഷ്യൻ, മിഡിൽ ഈസ്റ്റേൺ ചർമ്മ പ്രകൃതമുള്ളവർക്കും (Melanin-rich skin tones) ഒരുപോലെ അനുയോജ്യമാണ്. ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത ഈ ഉൽപ്പന്നങ്ങൾ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പൂർണ്ണമായും സുരക്ഷിതവും ഫലപ്രദവുമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
പരമ്പരാഗത ചേരുവയായ തുളസി (Holy Basil) അടക്കം ഉപയോഗിച്ച് നിർമ്മിച്ച ഹോളി ബേസിൽ ഫേസ് സിറം, ഡേ ആൻഡ് നൈറ്റ് ക്രീമുകൾ, ക്ലെൻസർ, റിക്കവറി ജെൽ, ഐ ലിഫ്റ്റ് സിറം തുടങ്ങിയ വിപുലമായ സ്കിൻകെയർ നിരയ്ക്ക് പുറമെ ഹെയർകെയർ ഉൽപ്പന്നങ്ങളും ഫേഷ്യൽ എക്സ്ഫോളിയേറ്റർ ഉപകരണങ്ങളും വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. യു.എ.ഇക്കും ഒമാനും ശേഷം സൗദി വിപണിയിലേക്ക് കൂടി എത്തിയത് ജി.സി.സിയിലെ ബ്രാൻഡിന്റെ വ്യാപനത്തിൽ നിർണ്ണായക നാഴികക്കല്ലാണെന്ന് സ്ഥാപക ഡോ. തന്യ ഉണ്ണി വ്യക്തമാക്കി.



