ഇസ്രായേൽ പാർലമെന്റിൽ ചരിത്രനേട്ടവുമായി അറബ് നേതാവ് അഹ്മദ് തിബി; നെസറ്റ് ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

ടെൽ അവീവ്: ഇസ്രായേൽ പാർലമെന്റായ ‘നെസറ്റിൽ’ (Knesset) നിർണായക രാഷ്ട്രീയ വഴിത്തിരിവായി അറബ് എം.പിയും ജോയിന്റ് ലിസ്റ്റ് അലയൻസ് ചെയർമാനുമായ അഹ്മദ് തിബി ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് ലിസ്റ്റിന്റെ ഭാഗമായ താഅ്ൽ (Ta’al) പാർട്ടി നേതാവാണ് അദ്ദേഹം. ഇതോടൊപ്പം വലതുപക്ഷ പാർട്ടിയായ യിസ്രായേൽ ബെയ്തേനു (Yisrael Beiteinu) നേതാവ് അവിഗ്ഡോർ ലിബർമാനെ പാർലമെന്റിന്റെ വിദേശകാര്യ-പ്രതിരോധ സമിതി ചെയർമാനായും തെരഞ്ഞെടുത്തിട്ടുണ്ട്.

ഒക്ടോബർ 27-ന് നടന്ന തെരഞ്ഞെടുപ്പിൽ 11 സീറ്റുകൾ നേടിയ ജോയിന്റ് ലിസ്റ്റിന്റെ അർഹമായ നേട്ടമാണിതെന്ന് അഹ്മദ് തിബി പ്രതികരിച്ചു. ബിന്യാമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും ദേശീയ സുരക്ഷാ മന്ത്രി ഇറ്റമാർ ബെൻ ഗ്വിറും തന്റെ തെരഞ്ഞെടുപ്പ് തടയാൻ പരമാവധി ശ്രമിച്ചെങ്കിലും അവരുടെ പ്രകോപനപരമായ നീക്കങ്ങൾ പരാജയപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിലെ എല്ലാ സമിതികളിലും ജോയിന്റ് ലിസ്റ്റിന് പ്രാതിനിധ്യം ലഭിക്കുമെന്നും തിബി കൂട്ടിച്ചേർത്തു.

ഇസ്രായേലിലെ ഫലസ്തീൻ പൗരന്മാരെ പ്രതിനിധീകരിക്കുന്ന ജോയിന്റ് ലിസ്റ്റും യുണൈറ്റഡ് അറബ് ലിസ്റ്റും കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമാണ് നടത്തിയത്. ആകെ 19 സീറ്റുകളാണ് ഇരു കക്ഷികളും ചേർന്ന് നേടിയത്. ഫലസ്തീൻ സമൂഹം നേരിടുന്ന വിവേചനങ്ങളും മറ്റ് പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ഈ പാർലമെന്ററി പ്രാതിനിധ്യം ഫലപ്രദമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് അറബ് നേതൃത്വം. 1999 മുതൽ നെസറ്റ് അംഗമായ അഹ്മദ് തിബി, 2006-നും 2022-നും ഇടയിലും ഡെപ്യൂട്ടി സ്പീക്കർ പദവി വഹിച്ചിട്ടുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പിൽ മാഫിയ ശൈലിയിലുള്ള ഇടപെടലുകൾ നടത്തിയെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നെതന്യാഹുവിനും സഹായികൾക്കുമെതിരെ ക്രിമിനൽ അന്വേഷണം വേണമെന്നും അഹ്മദ് തിബി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫ് പൊലീസുമായി ബന്ധപ്പെടുകയും റാം പാർട്ടി പ്രവർത്തകർക്കെതിരെ ആരോപണങ്ങളുന്നയിച്ച് റെയ്ഡുകൾ നടത്തിക്കുകയും ചെയ്തതായി ‘ചാനൽ 12’ റിപ്പോർട്ട് ചെയ്തിരുന്നു. നെതന്യാഹു ഉൾപ്പെടെ ആരും നിയമത്തിന് അതീതരല്ലെന്നും തിബി വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles