കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ട കോപ്പിയടി പിടികൂടി; 25 വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കി

Medical  mmeediകോഴിക്കോട്: ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടന്ന അവസാന വർഷ എം.ബി.ബി.എസ് പരീക്ഷയിൽ കൂട്ടത്തോടെ കോപ്പിയടിച്ച വിദ്യാർത്ഥികളെ ആരോഗ്യ സർവകലാശാല അധികൃതർ പിടികൂടി. കുറ്റക്കാരെന്ന് കണ്ടെത്തിയ 25 വിദ്യാർത്ഥികളുടെ ജനറൽ മെഡിസിൻ പരീക്ഷ അസാധുവാക്കിയ സർവകലാശാല, ഇവരെ വീണ്ടും പരീക്ഷ എഴുതാൻ നിർദ്ദേശിച്ചു. കഴിഞ്ഞ ജൂലൈയിൽ കേരള ആരോഗ്യ സർവകലാശാല നടത്തിയ പരീക്ഷയിലാണ് കോപ്പിയടി നടന്നത്. പരീക്ഷാ ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് സർവകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് 32 വിദ്യാർത്ഥികളെയും അന്ന് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും സർവകലാശാലയുടെ അച്ചടക്ക സമിതി നേരിട്ട് വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തുകയും ശാസിക്കുകയും ചെയ്തു. കുറ്റക്കാരെന്ന് തെളിഞ്ഞ 25 വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയതിനൊപ്പം, മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ച ഒരു വിദ്യാർത്ഥിയെ പരീക്ഷ എഴുതുന്നതിൽ നിന്ന് ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത അവസരത്തിൽ വീണ്ടും പരീക്ഷ എഴുതാനുള്ള നിർദ്ദേശപ്രകാരം ഇവരുടെ തിയറി പരീക്ഷ കഴിഞ്ഞ ദിവസം നടന്നു. ക്ലിനിക്കൽ പരീക്ഷയുടെ തീയതി ഉടൻ പ്രഖ്യാപിക്കും.

വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ ഉൾപ്പെടെയുള്ള പരീക്ഷകൾ കോഴിക്കോട് മെഡിക്കൽ കോളേജിന് പുറത്തുവെച്ച് നടത്താനായിരുന്നു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ആദ്യം നിർദ്ദേശിച്ചിരുന്നത്. എന്നാൽ, ഏതാനും വിദ്യാർത്ഥികൾ നടത്തിയ കൃത്രിമത്തിന്റെ പേരിൽ സ്ഥാപനത്തെയും മറ്റ് വിദ്യാർത്ഥികളെയും മൊത്തത്തിൽ ആക്ഷേപിക്കുന്നതിന് തുല്യമാകും ഇതെന്ന് കോളേജ് അധികൃതർ വകുപ്പിനെ അറിയിച്ചു. തുടർന്ന് മറ്റ് വിദ്യാർത്ഥികൾക്കൊപ്പം കോളേജിൽ വെച്ചുതന്നെ ഇവർക്കും പരീക്ഷ നടത്താൻ അനുമതി നേടുകയായിരുന്നു.

അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഒരു വിദ്യാർത്ഥി സംഘടനയുടെ പേരിൽ വന്ന കുറിപ്പിലൂടെയാണ് കോപ്പിയടി വിവരം പുറംലോകമറിഞ്ഞത്. കേരളത്തിലെ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾ കൂട്ടത്തോടെ കോപ്പിയടിച്ച് പിടിക്കപ്പെടുന്നത് ഇതാദ്യമായാണ്. മികച്ച നിലവാരം പുലർത്തുന്ന കലാലയത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായതിനെ അതീവ ഗൗരവത്തോടെയാണ് കോളേജ് അധികൃതർ കാണുന്നത്.

Related Articles

- Advertisement -spot_img

Latest Articles