സൗദിയിൽ ലഹരിമരുന്ന് സംഘവുമായുള്ള ഏറ്റുമുട്ടലിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

താഇഫ്: ലഹരിമരുന്ന് കടത്തുസംഘത്തെ പിടികൂടുന്നതിനായി നടത്തിയ പരിശോധനയ്ക്കിടെ സൗദി അറേബ്യയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. അൽഖുർമയിലെ ലഹരിവിരുദ്ധ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ മൻസൂർ ബിൻ മുഹമ്മദ് അൽമുഹഖനി അൽഉതൈബിയാണ് ദൗത്യത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

ഔദ്യോഗിക പരിശോധനയുടെ ഭാഗമായി ലഹരിമരുന്ന് സംഘത്തിനെതിരെ നടത്തിയ റെയ്ഡിനിടെയായിരുന്നു സംഭവം. പരിശോധനയ്ക്കിടെ അക്രമിസംഘം സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. തുടർന്നുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിലാണ് ലഹരിവിരുദ്ധ വിഭാഗം മേധാവിക്ക് ജീവൻ നഷ്ടമായത്.

കൃത്യനിർവ്വഹണത്തിനിടെ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥന്റെ വിയോഗത്തിൽ സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ അനുശോചനം രേഖപ്പെടുത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്‌സ് കൺട്രോൾ മേധാവി മേജർ ജനറൽ മുഹമ്മദ് ബിൻ സഈദ് അൽഖർനി ഉദ്യോഗസ്ഥന്റെ കുടുംബത്തെ നേരിൽ സന്ദർശിച്ച് മന്ത്രിയുടെ അനുശോചന സന്ദേശം കൈമാറുകയും രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ത്യാഗത്തിൽ അഭിമാനം രേഖപ്പെടുത്തുകയും ചെയ്തു. ലഹരിമരുന്ന് കടത്തും വിതരണവും തടയുന്നതിനായി സൗദി അധികൃതർ രാജ്യവ്യാപകമായി പരിശോധനകളും നടപടികളും ശക്തമാക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം.

Related Articles

- Advertisement -spot_img

Latest Articles