ഉംറ തീർത്ഥാടനത്തിനിടെ ഇന്ത്യൻ മാധ്യമപ്രവർത്തക സൗദിയിൽ കസ്റ്റഡിയിലായതായി റിപ്പോർട്ട്; ആശങ്കയിൽ കുടുംബം

റിയാദ്/ന്യൂഡൽഹി: ഉംറ നിർവ്വഹിക്കാനായി സൗദി അറേബ്യയിലെത്തിയ ഇന്ത്യൻ മാധ്യമപ്രവർത്തകയെ മക്കയിൽ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ജയ്പൂർ സ്വദേശിയും നിലവിൽ ‘ടിവി9 ഭാരത്‌വർഷ്’ മാധ്യമസ്ഥാപനത്തിലെ വാർത്താ അവതാരകയുമായ റിഷ ഹുസൈൻ ആണ് സൗദിയിൽ കസ്റ്റഡിയിലുള്ളത്. സെപ്റ്റംബർ 28-ന് ന്യൂഡൽഹിയിൽ നിന്ന് സൗദിയിലെത്തിയ റിഷ, ഉംറ ചടങ്ങുകൾ പൂർത്തിയാക്കി മദീനയിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത സംഭവം. കസ്റ്റഡിയിലെടുത്തതിന്റെ കൃത്യമായ കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല.

സെപ്റ്റംബർ 30-ന് വൈകിട്ട് ഇന്ത്യൻ സമയം ആറിനും ഏഴിനുമിടയിൽ റിഷ ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ച് താൻ കസ്റ്റഡിയിലാണെന്ന വിവരവും കുടുംബത്തെ അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി സഹോദരി കൈനാത്ത് ജാഫ്രി സ്ഥിരീകരിച്ചു. ഇതിനുശേഷം റിഷയുടെ ഫോണും വാട്ട്‌സ്ആപ്പ് അക്കൗണ്ടും ലഭ്യമാകാതായതോടെ കുടുംബത്തിന് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. കഅ്ബ പ്രദക്ഷിണം ചെയ്യുന്നതും മക്കയിലെ ഗ്രാൻഡ് മസ്ജിദ് പശ്ചാത്തലമാക്കിയുള്ളതുമായ ചിത്രങ്ങളും വീഡിയോകളും റിഷ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കസ്റ്റഡിയുമായി ബന്ധപ്പെട്ട് റിയാദിലെ ഇന്ത്യൻ എംബസിയുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹായം തേടിയിരിക്കുകയാണ് കുടുംബം.

സീ ന്യൂസ്, എൻ.ഡി.ടി.വി, ഫസ്റ്റ് ഇന്ത്യ ന്യൂസ് എന്നീ പ്രമുഖ മാധ്യമങ്ങളിൽ പ്രവർത്തിച്ച പരിചയമുള്ള റിഷ ജയ്പൂരിൽ വാർത്താ അവതരണത്തിന് പുറമെ കോപ്പി എഡിറ്റിംഗ്, റിസർച്ച്, വാർത്താ ഏകോപനം എന്നിവയിലും സജീവമായിരുന്നു. ഷിയാ വിഭാഗത്തിൽപെട്ട റിഷ ഹുസൈൻ പങ്കുവെച്ച ചില സോഷ്യൽ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ടാണോ നടപടിയെന്ന കാര്യം വ്യക്തമല്ല. വിഷയത്തിൽ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഇടപെടലിനായി കുടുംബവും സഹപ്രവർത്തകരും കാത്തിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles