തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കരാർ നടപടികളിലെ ക്രമക്കേടിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. മലപ്പുറത്തെത്തിയാണ് അന്വേഷണ സംഘം മൂന്ന് മണിക്കൂറോളം മുൻ മന്ത്രിയെ ചോദ്യം ചെയ്തത്. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് കരാർ ചട്ടങ്ങൾ ലംഘിച്ച് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അനുമതി നൽകിയെന്ന പരാതിയിലാണ് പ്രധാനമായും വിവരങ്ങൾ ശേഖരിച്ചത്.
കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന യു. ഷറഫലിയെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. കേരളത്തിന് ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തതെന്നും എല്ലാവിധ ഔദ്യോഗിക നടപടിക്രമങ്ങളും പാലിച്ചാണ് വിദേശയാത്രകൾ നടത്തിയതെന്നുമാണ് അബ്ദുറഹിമാൻ എസ്.ഐ.ടിയോട് വ്യക്തമാക്കിയതെന്നാണ് വിവരങ്ങൾ.
മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കരാർ നിർദ്ദിഷ്ട കമ്പനിക്ക് ലഭിച്ച സാഹചര്യം, ഇതിൽ കായിക വകുപ്പിന്റെയും മന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടായ ഇടപെടലുകൾ, വിദേശയാത്രയുടെ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിഞ്ഞത്. കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾ തുടരുമെന്നാണ് സൂചന.



