മലപ്പുറം: മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പി. നന്ദകുമാർ മലപ്പുറം ജില്ലയെക്കുറിച്ച് നടത്തിയ പ്രസ്താവനയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മലപ്പുറം എന്നത് മതസൗഹാർദ്ദം എന്നും ശക്തമായി നിലനിൽക്കുന്ന പ്രദേശമാണെന്നും, എന്നാൽ ഈ അന്തരീക്ഷം തകർക്കാൻ ചില വർഗീയ ശക്തികളും മതമൗലികവാദികളും ശ്രമിക്കുന്നുണ്ടെന്ന കാര്യമാണ് നന്ദകുമാർ ചൂണ്ടിക്കാട്ടിയതെന്നും പിണറായി പറഞ്ഞു. രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തിന്റെ വാക്കുകളെ ബോധപൂർവ്വം വക്രീകരിച്ച് വ്യാജ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം മലപ്പുറം വിശാല ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വന്നതുമുതൽ ആർ.എസ്.എസ് അജണ്ടകൾ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. വന്ദേമാതരം പൂർണ്ണമായി ചൊല്ലിയതും, കേന്ദ്രത്തിന്റെ വഖഫ് ബോർഡ് പരിഷ്കരണങ്ങളോടുള്ള സർക്കാരിന്റെ നിലപാടും ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രം വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്താൻ തീരുമാനിച്ചപ്പോൾ എൽ.ഡി.എഫ് അതിനെതിരെ കോടതിയെ സമീപിച്ചപ്പോൾ, ലീഗ് മന്ത്രിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ബോർഡ് പിരിച്ചുവിടാനാണ് കോടതിയിൽ ആവശ്യപ്പെട്ടത്. കേന്ദ്രത്തിന്റെ ‘പി.എം ശ്രീ’ പദ്ധതി നടപ്പിലാക്കില്ലെന്ന മുൻ നിലപാടിൽ നിന്നും യു.ഡി.എഫ് ഇപ്പോൾ പിന്നോക്കം പോയി കള്ളക്കളി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപമുണ്ടായ സംഘർഷത്തിൽ പോലീസിനും യൂത്ത് കോൺഗ്രസിനുമെതിരെയും അദ്ദേഹം കടുത്ത വിമർശനമുന്നയിച്ചു. സാധാരണ പ്രതിഷേധങ്ങൾ രക്തസാക്ഷി സ്ക്വയറിലോ ആശാൻ സ്ക്വയറിലോ ആണ് സംഘടിപ്പിക്കാറുള്ളതെങ്കിലും, ഇത്തവണ മനഃപൂർവ്വം യൂണിവേഴ്സിറ്റി ഹോസ്റ്റൽ ലക്ഷ്യമാക്കിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഹോസ്റ്റലിലേക്ക് തീപ്പന്തവും കല്ലുകളും എറിഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ചേർന്ന്, അതിക്രമം തടയേണ്ട പോലീസ് ഹോസ്റ്റലിനകത്ത് കയറി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയാണുണ്ടായത്.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ അടക്കം തല തല്ലിപ്പൊളിച്ച പോലീസ് നടപടിയെ അദ്ദേഹം അപലപിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷനായ മന്ത്രിയുടെ നേതൃത്വത്തിലാണ് ഇത്തരം അക്രമങ്ങൾ അരങ്ങേറിയതെന്നും, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എത്തിയ ആംബുലൻസുകൾ പോലും സമരക്കാർ തടഞ്ഞുവെന്നും പിണറായി കുറ്റപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളിൽ കൃത്യമായി ഇടപെടുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നും യു.ഡി.എഫ് ഭരണത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളാണ് സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



