ലഖ്‌നൗ: ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിലെ സർക്കാർ ആശുപത്രിയിൽ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രവേശനം നിഷേധിക്കപ്പെട്ട ഗർഭിണി ആശുപത്രി വളപ്പിൽ തുറസ്സായ സ്ഥലത്ത് പ്രസവിച്ചു. പ്രസവവേദനയോടെ എത്തിയ യുവതിയുടെ കുടുംബത്തോട് പ്രസവത്തിനായി 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും, തുക നൽകാത്തതിനെ തുടർന്ന് ചികിത്സ നിഷേധിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. ഒരു ആഴ്ചയ്ക്കിടെ ഉത്തർപ്രദേശിൽ സമാനമായ രീതിയിൽ ചികിത്സ നിഷേധിക്കപ്പെട്ട് യുവതികൾ വഴിയോരത്തും ആശുപത്രി മുറ്റത്തും പ്രസവിക്കേണ്ടി വരുന്ന രണ്ടാമത്തെ സംഭവമാണിത്.
പ്രസവവേദന കടുത്ത സമയത്തും ജീവനക്കാർ യുവതിയെ വാർഡിൽ പ്രവേശിപ്പിക്കാൻ തയ്യാറായില്ലെന്നും, തുക തരാതെ ആരോടും കാര്യം പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുവായ അർച്ചന ആരോപിക്കുന്നു. ആശുപത്രി മുറ്റത്ത് വെച്ച് യുവതി പ്രസവിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. അതെസമയം ആരോപണങ്ങൾ ഉയർന്നതോടെ ജില്ലാ വനിതാ ആശുപത്രി സൂപ്രണ്ട് നിർമ്മല സാഹു വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാരെയും ജീവനക്കാരെയും ചോദ്യം ചെയ്തിട്ടുണ്ടെന്നും വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച ഭദോഹി ജില്ലയിലും സമാനമായ രീതിയിൽ പാർശ്വവത്കരിക്കപ്പെട്ട സമുദായത്തിൽപ്പെട്ട ഗർഭിണിയോട് ജാതി അധിക്ഷേപം നടത്തുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തതിനെ തുടർന്ന് വഴിയോരത്ത് പ്രസവിക്കേണ്ടി വന്നിരുന്നു. സംസ്ഥാനത്തെ സർക്കാർ ആരോഗ്യ മേഖലയിലെ ഗുരുതരമായ അനാസ്ഥയും ജീവനക്കാരുടെ കൈക്കൂലി വാങ്ങലും ഇതോടെ വീണ്ടും വലിയ ചർച്ചയാവുകയാണ്.



