സമരത്തിൽ കുട്ടികളെ മുൻനിർത്തി; സി.ജെ.പിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മുംബൈ: മുംബൈ ശിവാജി പാർക്കിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി ഒരു ആഴ്ചയ്ക്കകം വിശദമായ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ വിവിധ ഔദ്യോഗിക ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചു.

മുംബൈ പോലീസ് കമ്മീഷണർ, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് (X), മഹാരാഷ്ട്ര വനിതാ ശിശുവികസന വകുപ്പ് എന്നിവർക്കാണ് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. സമരത്തിൽ സി.ജെ.പി സംഘാടകരുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ മുംബൈ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നുള്ള നിയമപരമായ ഇടപെടലുകളും അടിയന്തര നടപടികളും തടയുന്നതിനായി കുട്ടികളെ സമരത്തിന്റെ മുൻനിരയിൽ മനഃപൂർവ്വം പ്രതിരോധ കവചമായി നിർത്തിയതാണോ എന്ന് പരിശോധിക്കാനും നിർദ്ദേശത്തിലുണ്ട്. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള കുട്ടികളുടെ സംരക്ഷണ നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തി.

സമരം നടന്ന സമയത്ത് കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിൽ, ഇതിന്റെ ഡിജിറ്റൽ തെളിവുകൾ കൃത്യമായി സൂക്ഷിച്ചുവെക്കാൻ എക്സിനോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പിന്നീട് ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് ഈ കടുത്ത നീക്കം. കൂടാതെ, പ്രതിഷേധത്തിൽ പങ്കെടുത്ത കുട്ടികളുടെ ആശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മഹാരാഷ്ട്ര വനിതാ ശിശുവികസന വകുപ്പിനും നിർദ്ദേശം നൽകി. കുട്ടികളെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്ത സമരം സംഘടിപ്പിച്ച പാർട്ടി നേതാക്കൾക്കെതിരെ കടുത്ത നിയമനടപടികൾ ഉണ്ടാകുമെന്ന സൂചനയും കമ്മീഷൻ നൽകിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles