കൊല്ലത്ത് തൊഴിലുറപ്പ് തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു; പുനലൂരിൽ സി.പി.എം പ്രതിഷേധവും പോലീസ് തർക്കവും

കൊല്ലം: കൊല്ലം പത്തനാപുരത്ത് കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക കൊല്ലപ്പെട്ടു. കടശ്ശേരി സ്വദേശി രാജമ്മയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പ്രദേശത്ത് തൊഴിലുറപ്പ് ജോലിക്കായി എത്തിയപ്പോഴായിരുന്നു രാജമ്മയ്ക്ക് നേരെ കാട്ടാനയുടെ പെട്ടെന്നുള്ള ആക്രമണമുണ്ടായത്. ആനയുടെ മുന്നിൽപ്പെട്ട രാജമ്മ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് തൊഴിലുറപ്പ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്.

അപകടത്തിന് പിന്നാലെ രാജമ്മയുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എന്നാൽ, വന്യമൃഗ ആക്രമണത്തിൽ ആവർത്തിച്ച് ജീവൻ പൊലിയുന്നതിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചു. കൊല്ലം ജില്ലാ കളക്ടർ നേരിട്ട് ആശുപത്രിയിൽ എത്താത്തെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിൽ പ്രതിഷേധക്കാർ ഉറച്ചുനിന്നതോടെ സ്ഥലത്ത് പോലീസും സി.പി.എം പ്രവർത്തകരും തമ്മിൽ കടുത്ത വാക്കുതർക്കവും സംഘർഷാവസ്ഥയുമുണ്ടായി.

വിവരമറിഞ്ഞ് പത്തനാപുരം എം.എൽ.എ ജ്യോതികുമാർ ചാമക്കാല പുനലൂർ താലൂക്ക് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വനമേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ ഇവിടെ അടിക്കടി വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാറുണ്ടെന്നും ശാശ്വതമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ ശക്തമായ ജനരോഷം ഉയർന്നതോടെ മേഖലയിൽ വനംവകുപ്പും പോലീസും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles