ഫോം 6 മാറ്റത്തിന് സുപ്രീം കോടതി അനുമതി നൽകിയിട്ടില്ല; ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പുതിയ വോട്ടർമാർക്കുള്ള അപേക്ഷാ ഫോമായ ‘ഫോം 6’-ൽ വരുത്തിയ മാറ്റങ്ങൾക്ക് സുപ്രീം കോടതിയുടെ അനുമതിയുണ്ടെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനാ സ്ഥാപന തലപ്പത്തിരുന്ന് ഗ്യാനേഷ് കുമാർ നടത്തിയ ഏകപക്ഷീയവും നിയമവിരുദ്ധവുമായ തീരുമാനങ്ങളാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഫോം 6 ഓൺലൈൻ പോർട്ടലിൽ മാറ്റങ്ങൾ വരുത്താൻ സുപ്രീം കോടതി അനുമതി നൽകിയിട്ടില്ലെന്ന മാധ്യമ റിപ്പോർട്ട് പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി തൻ്റെ ശക്തമായ പ്രതികരണം രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണർമാരുടെ കടുത്ത എതിർപ്പുകളും ഭൂരിപക്ഷ അഭിപ്രായങ്ങളും മറികടന്ന്, നിർദ്ദിഷ്ട ചട്ടങ്ങളിൽ ഭേദഗതി വരുത്താതെയാണ് ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി ഫോമിൽ മാറ്റങ്ങൾ അടിച്ചേൽപ്പിച്ചതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ സഹായിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുമാണ് കമ്മീഷൻ തലപ്പത്ത് നിന്നും ഇത്തരം അനാവശ്യ ഇടപെടലുകൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തീവ്ര വോട്ടർപട്ടികാ പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് ഫോം 6 ഡിജിറ്റലായി മാറ്റിയ നടപടി അംഗീകരിക്കാനാകില്ലെന്ന് മറ്റ് രണ്ട് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം വ്യക്തമാക്കിയ രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. കോടതി ഉത്തരവിന്റെ മറപിടിച്ച് ഇത്തരം മാറ്റങ്ങൾ നിയമവിധേയമാക്കാൻ ശ്രമിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. സുപ്രീം കോടതിയിൽ വിഷയം സജീവമായി നിൽക്കുന്ന സാഹചര്യത്തിൽ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി സ്വതന്ത്ര അന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കൂടുതൽ ശക്തമായിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles