വാഷിംഗ്ടൺ/ടെഹ്റാൻ: ഗൾഫ് മേഖലയിലെ യു.എസ്-ഇസ്രായേൽ സമഗ്ര സംഘർഷങ്ങൾക്ക് നടുവിലും ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്നതിന് വിദേശ കപ്പലുകൾ ഇറാന് പണം (ടോൾ) നൽകുന്നതായി റിപ്പോർട്ട്. ചരക്ക് കപ്പലുകൾക്കും എണ്ണ ടാങ്കറുകൾക്കും സുരക്ഷിത പാതയൊരുക്കുന്നതിന് തങ്ങളുടെ പക്കലുള്ള സാധന സാമഗ്രികളുടെയോ എണ്ണയുടെയോ 10 മുതൽ 20 ശതമാനം വരെ ഇറാന് നൽകുന്നുണ്ടാകാമെന്ന് എനർജി അനലിസ്റ്റ് റോറി ജോൺസ്റ്റണുമായുള്ള അഭിമുഖത്തിൽ ‘കെപ്ലർ’ (Kpler) പ്രതിരോധ വിദഗ്ധ മിഷേൽ ബ്രോഹാർഡ് വെളിപ്പെടുത്തി. അമേരിക്കൻ സൈനിക സംരക്ഷണം ശാശ്വതമല്ലെന്ന് തിരിച്ചറിഞ്ഞാണ് വിദേശ രാജ്യങ്ങൾ ഈ താൽക്കാലിക സുരക്ഷാ സംവിധാനം സ്വീകരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യങ്ങൾ ഇറാന് പണം നൽകുന്നു എന്ന വാദത്തോട് യോജിക്കുമ്പോഴും ഇത് ഔദ്യോഗികമായോ വ്യവസ്ഥാപിതമായോ ഇറാൻ നടപ്പിലാക്കുന്ന കടൽ ടാക്സ് അല്ലെന്ന് ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റി മാരിടൈം സെന്റർ മേധാവി അബ്ദുൽ ഖാലിഖ് പ്രതികരിച്ചു. അനൗദ്യോഗിക തലത്തിൽ നടക്കുന്ന ഒരു താൽക്കാലിക സുരക്ഷാ നീക്കം മാത്രമാണിതെന്നും, ഇറാൻ ഭരണകൂടം ഔദ്യോഗികമായി പണം പിരിക്കുന്നതിന് യാതൊരുവിധ പൊതു തെളിവുകളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധ പശ്ചാത്തലത്തിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ നടത്തിയും ഉപരോധങ്ങൾ ഏർപ്പെടുത്തിയും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതെല്ലാം അതിജീവിച്ച് പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതി യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കപ്പലുകൾ ഇറാന് പണം നൽകുന്നു എന്ന റിപ്പോർട്ടുകൾ ആഗോള മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.



