ലണ്ടൻ: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേയ്‌സിന്റെ BA295 വിമാനത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അയർലൻഡിന് മുകളിലൂടെ പറക്കുകയായിരുന്ന വിമാനം പൊതുവായ അടിയന്തരാവസ്ഥ സൂചിപ്പിക്കുന്ന ‘സ്വാക്ക് 7700’ കോഡ് എയർ ട്രാഫിക് കൺട്രോളിലേക്ക് അയച്ച ശേഷം സർവീസ് റദ്ദാക്കി ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചുവിട്ടു. അയർലൻഡിന് മുകളിലൂടെ സഞ്ചരിക്കുമ്പോൾ വിമാനം ക്രൂസിംഗ് ഉയരത്തിൽ നിന്ന് പെട്ടെന്ന് 9,000 അടിയിലേക്ക് താഴ്ന്നതായാണ് ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ വ്യക്തമാക്കുന്നത്.
വിമാനത്തിന്റെ അടിയന്തര ലാൻഡിങ്ങിനുള്ള കൃത്യമായ കാരണം അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും, വിമാനത്തിന്റെ കാബിനിൽ സമ്മർദ്ദം കുറയുന്ന സാഹചര്യങ്ങളിലോ സാങ്കേതിക തകരാറുകൾ നേരിടുമ്പോഴോ ആണ് സാധാരണയായി വിമാനങ്ങൾ ഇത്തരത്തിൽ വേഗത്തിൽ താഴ്ന്നു പറക്കുകയും അടിയന്തര സന്ദേശം നൽകുകയും ചെയ്യുന്നത്.
വിമാനത്തിലെ ട്രാൻസ്‌പോണ്ടർ വഴി എയർ ട്രാഫിക് കൺട്രോളിലേക്ക് അയക്കുന്ന നാലക്ക പ്രത്യേക കോഡാണ് ‘സ്വാക്ക്’. ഇതിൽ 7700 എന്ന കോഡ് വിമാനത്തിൽ അടിയന്തര സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കാനാണ് ഉപയോഗിക്കുന്നത്. പ്രശ്നം എന്താണെന്ന് പൂർണ്ണമായി വിശദീകരിക്കുന്നതിന് പകരം, വിമാനത്തിന് ക്രൂവിന്റെ സഹായവും മറ്റ് വിമാനങ്ങളെ മാറ്റി വ്യക്തമായ ലാൻഡിങ് പാതയും അടിയന്തരമായി ആവശ്യമാണെന്ന് ഗ്രൗണ്ട് കൺട്രോളർമാരെ അറിയിക്കാനാണ് ഈ കോഡ് നൽകുന്നത്.
അടുത്തിടെ വ്യോമയാന മേഖലയിൽ സമാനമായ രീതിയിൽ വലിയ ശ്രദ്ധനേടിയ ഫ്ലൈദുബായ് സംഭവത്തിന് തൊട്ടുപിന്നാലെയാണ് ബ്രിട്ടീഷ് എയർവേയ്‌സിലും ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് FZ1073 വിമാനം അടിയന്തരാവസ്ഥ കോഡ് നൽകിയതിനെ തുടർന്ന് സെപ്റ്റംബർ 30-ന് തബൂക്കിലേക്ക് തിരിച്ചുവിട്ടിരുന്നു. രണ്ട് മിനിറ്റിനുള്ളിൽ വിമാനം 17,400 അടിയോളം താഴേക്ക് പതിച്ചതായി അന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ വ്യക്തമാക്കിയിരുന്നു.



