കാവിവൽക്കരണത്തിനെതിരെ വിദ്യാർത്ഥി രോഷം: സർവകലാശാലയ്ക്ക് നോട്ടീസ് ഭീഷണി; ‘വന്ദേമാതരം’ സെമിനാർ വിവാദത്തിൽ 

കാസറഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ (പെരിയ) സംഘടിപ്പിക്കുന്ന ‘വന്ദേമാതരം’ ദേശീയ സെമിനാറിനെച്ചൊല്ലി സർവകലാശാല ഭരണകൂടവും വിദ്യാർത്ഥി സംഘടനകളും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. പരിപാടിക്കിടെ വന്ദേമാതര ആലാപനമോ സെമിനാറോ തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന നിയമഭേദഗതി ചുമത്തുമെന്നും വ്യക്തമാക്കി സർവകലാശാല അധികൃതർ പ്രത്യേക സർക്കുലർ പുറത്തിറക്കി. എന്നാൽ, പ്രതിഷേധിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശത്തെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനുള്ള നീക്കമാണ് സർവകലാശാലയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് വിവിധ വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു.

ആർ.എസ്.എസ് ആശയധാരയോട് ചേർന്നുനിൽക്കുന്ന പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാർ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ക്യാമ്പസിൽ ഉയർന്നുവന്നിട്ടുള്ളത്. ജെ. നന്ദകുമാർ സർവകലാശാലയിൽ എത്തിയാൽ വഴിതടയുമെന്ന് എസ്.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാലയെ സംഘപരിവാർ അജണ്ടകൾക്ക് അനുസൃതമായി കാവിവൽക്കരിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് കെ.എസ്.യു ജില്ലാ നേതൃത്വം ആരോപിച്ചു. ഇതിന്റെ ഭാഗമായി എൻ.എസ്.യു.ഐ, എം.എസ്.എഫ്, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ക്യാമ്പസ് വളപ്പിൽ വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. അധികൃതരുടെ കടുത്ത മുന്നറിയിപ്പും വിദ്യാർത്ഥി സംഘടനകളുടെ ഉറച്ച പ്രതിഷേധ നിലപാടും നിലനിൽക്കുന്നതിനാൽ കാസറഗോഡ് കേന്ദ്ര സർവകലാശാലാ ക്യാമ്പസ് അതീവ  സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ്.

Related Articles

- Advertisement -spot_img

Latest Articles