ടെൽ അവീവ്: ഇസ്രായേലിലേക്ക് സർവീസ് നടത്തിയ ഫ്ലൈദുബൈ വിമാനത്തിൽ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ ഇസ്രായേൽ സുരക്ഷാ ഏജൻസികൾക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. വിമാനം തട്ടിയെടുക്കാൻ ശ്രമിച്ച ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ വിശദ വിവരങ്ങൾ സർവീസിന് തൊട്ടുമുമ്പ് ഇസ്രായേലിന് ലഭിച്ചിരുന്നെങ്കിലും, സുരക്ഷാ ഭീഷണിയെക്കുറിച്ച് യാതൊരു മുന്നറിയിപ്പും നൽകിയില്ലെന്ന് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫ്രഞ്ച് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും പൂർണ്ണ വിവരങ്ങളും പൗരത്വവും അടങ്ങിയ പട്ടിക യു.എ.ഇ അധികൃതർ ഇസ്രായേലിന് നേരത്തെ തന്നെ കൈമാറിയിരുന്നു. തീവ്രവാദ ആശയങ്ങൾ പിന്തുടരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സ്വന്തം രാജ്യമായ ഒമാനിൽ വിമാനം പറത്തുന്നതിൽ നിന്ന് വിലക്കപ്പെടുകയും ഒമാൻ എയറിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത വ്യക്തിയായിരുന്നു ഈ സഹപൈലറ്റ്. ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാന്റെ പൗരന് ഇസ്രായേലികൾ ധാരാളമായി യാത്ര ചെയ്ത വിമാനത്തിൽ പൈലറ്റാകാൻ എങ്ങനെ അനുമതി ലഭിച്ചുവെന്നതിലും സുരക്ഷാ പരിശോധനകളിൽ ഇത് എങ്ങനെ വിട്ടുപോയെന്നതിലും കടുത്ത ദുരൂഹത നിലനിൽക്കുന്നുണ്ട്.
182 യാത്രക്കാരുമായി അപായത്തിലേക്ക്; ഇന്ത്യൻ ക്യാപ്റ്റന്റെ സമയോചിത ഇടപെടൽ
കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിൽ, കോക്പിറ്റിലുണ്ടായിരുന്ന കോടാലി പോലെയുള്ള സാമഗ്രികൾ ഉപയോഗിച്ച് സഹപൈലറ്റ് ഇന്ത്യൻ ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ക്രൂരമായി ആക്രമിക്കുകയും വിമാനം തഴേക്ക് പതിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. കടുത്ത പരിക്കുകളോടെ വീണുപോയ ക്യാപ്റ്റൻ സ്മിത്, മനസ്സാന്നിധ്യം വീണ്ടെടുത്ത് കോക്പിറ്റ് വാതിൽ തുറന്നതോടെയാണ് വിമാനത്തിലുണ്ടായിരുന്ന 182 യാത്രക്കാരുടെ ജീവൻ രക്ഷപ്പെട്ടത്. ശബ്ദം കേട്ട് കുതിച്ചെത്തിയ യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴടക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ദേശീയ സുരക്ഷാ കൗൺസിലിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, വിദേശ വിമാനങ്ങളുടെ പരിശോധനാ ചുമതല ഗതാഗത മന്ത്രാലയത്തിനാണെന്ന് സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും, യാത്രക്കാരുടെ പൂർണ്ണ വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്ന് ഗതാഗത മന്ത്രാലയവും പരസ്പരം പഴിചാരുകയാണ്. സഹപൈലറ്റിന് ആഗോള ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്ന് ഇന്റർപോളും ഓസ്ട്രേലിയൻ ഭീകരവിരുദ്ധ അന്വേഷണ സംഘവും പരിശോധിച്ചു വരികയാണ്.



