ഫലസ്തീൻ വിദ്യാർത്ഥികളുടെ സ്മാരകം തകർത്ത് ഇസ്രായേൽ സേന; ബിർസെയ്റ്റ് സർവകലാശാലയിൽ കടന്നുകയറി അതിക്രമം

റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ബിർസെയ്റ്റ് (Birzeit) സർവകലാശാലയിൽ ഇസ്രായേൽ സൈന്യം കടന്നുകയറി താണ്ഡവമാടി. ഇസ്രായേൽ സൈന്യത്തിന്റെയും ജൂത കുടിയേറ്റക്കാരുടെയും ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 38-ഓളം ഫലസ്തീനി വിദ്യാർത്ഥികളുടെ ഓർമ്മയ്ക്കായി കാമ്പസിൽ നിർമ്മിച്ച രക്തസാക്ഷി സ്മാരകം ഇസ്രായേൽ സേന ബുൾഡോസർ ഉപയോഗിച്ച് തകർത്തു. സ്മാരകം തകർത്തതിന് ശേഷം ആ സ്ഥാനത്ത് ഒരു ചെടി നട്ടുപിടിപ്പിച്ചാണ് സൈന്യം മടങ്ങിയത്.

വിദ്യാർത്ഥികളുടെയും ഫലസ്തീൻ ജനതയുടെയും കൂട്ടായ്മയെയും ദേശീയതയെയും കാമ്പസുകളിൽ നിന്ന് തുടച്ചുനീക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്ന് വിദ്യാർത്ഥി പ്രതിനിധികൾ ആരോപിച്ചു. കാമ്പസിനുള്ളിലേക്ക് നിരന്തരം നടത്തുന്ന സൈനിക റെയ്ഡുകൾ, ഭീഷണിപ്പെടുത്തലുകൾ, ഫലസ്തീൻ തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനുവരിയിൽ നടത്താനിരിക്കുന്ന പ്രതിഷേധങ്ങൾക്ക് മുന്നോടിയായുള്ള രാഷ്ട്രീയ വിലക്കുകൾ എന്നിവയുടെ തുടർച്ചയായാണ് പുതിയ അതിക്രമമെന്ന് അൽ ജസീറയുടെ റിപ്പോർട്ടർ നിദ ഇബ്രാഹിം റിപ്പോർട്ട് ചെയ്തു.

സർവകലാശാലകൾ കേന്ദ്രീകരിച്ച് ഫലസ്തീൻ വിദ്യാർത്ഥികളുടെ പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമർത്താൻ ഇസ്രായേൽ കടുത്ത നിയന്ത്രണങ്ങളാണ് വെസ്റ്റ് ബാങ്കിൽ നടപ്പിലാക്കിവരുന്നത്. അതിക്രമത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഭാഗത്തുനിന്ന് ഉയരുന്നത്.

Related Articles

- Advertisement -spot_img

Latest Articles