ദമ്മാം: ‘ഖൽബിലുണ്ട് എന്റെ നബി’ എന്ന ഷീർഷകത്തിൽ ഐസിഎഫ് ഇന്റർനാഷണൽ തലത്തിൽ നടത്തിയ മീലാദ് കാമ്പയിനിന്റെ ഭാഗമായി നടത്തിയ ദമ്മാം റീജിയൻ ഹെറിറ്റേജ് ഫെസ്റ്റിൽ സിറ്റി ഡിവിഷൻ ജേതാക്കളായി. യൂണിറ്റ്, ഡിവിഷൻ മത്സരങ്ങൾക്ക് ശേഷമാണ് റീജിയൻ മത്സരങ്ങൾ നടന്നത്. സ്റ്റേഡിയം, ഇബ്ൻഖൽദൂൺ, സീക്കോ, സിറ്റി, വെസ്റ്റ്, ഫിർദൗസ്, 91 എന്നീ ഏഴ് ഡിവിഷനുകൾ തമ്മിലാണ് മാറ്റുരച്ചത്.
ഖിറാഅത്, പ്രസംഗം, അറബി ഗാനം, ക്വിസ്, മദ്ഹ് ഗാനം, പ്രബന്ധരചന, മാലപ്പാട്ട്, കവിതരചന, ബുർദ, സംഘഗാനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ദമ്മാം സിറ്റി, സ്റ്റേഡിയം, ഫിർദൗസ് ഡിവിഷനുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി. സ്റ്റേഡിയം ഡിവിഷനിൽ നിന്നുമുള്ള ഉമറുൽഫാറൂഖ് സഖാഫി പറമ്പിൽപീടിക കലാപ്രതിഭ പട്ടം ചൂടി.
ഫെസ്റ്റിൽ ലഹരിക്കതിരെ അൽഹിദായ മദ്റസ വിദ്യാർത്ഥികൾ ഒരുക്കിയ പവലിയൻ ശ്രദ്ധേയമായി. ലഹരി എങ്ങനെയൊക്കെയാണ് വ്യക്തിമുതൽ ആഗോളതലം വരെ നാശം വിതക്കുന്നത് എന്ന് വരച്ചു കാട്ടുന്നതായിരുന്നു പവലിയൻ.
സൈഹാത് അൽ ഖുറയ്ദ ഓഡിറ്റോറിയത്തിൽ ഐസിഎഫ് ഈസ്റ്റ് ചാപ്റ്റർ സെക്രട്ടറി ശരീഫ് മണ്ണൂർ ഉദ്ഘാടനം ചെയ്തു. റീജിയൻ പ്രസിഡന്റ് എംകെ അഹ്‌മദ് നിസാമി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അമാനി മുഖ്യപ്രഭാഷണം നടത്തി. ഹാരിസ് ജൗഹരി, അൻവർ കളറോട്, നാസർ മസ്താൻമുക്ക് റഫീഖ് ചെമ്പോത്ര അവാർഡുകൾ നൽകി. റീജിയൻ സെക്രട്ടറി മുനീർ തോട്ടട സ്വാഗതവും അഡ്മിൻ സെക്രട്ടറി എൻഎച് ജാഫർ സാദിഖ് നന്ദിയും പറഞ്ഞു.



