“ബി.ജെ.പിയെ പ്രതിരോധിക്കുക മാത്രമല്ല, തകർത്തെറിയും; ജനാധിപത്യം സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ല”: ബി.ജെ.പി സർക്കാറിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി പ്രതിപക്ഷം മുന്നോട്ട് പോവുകയാണെന്നും, ബി.ജെ.പിയുടെ നീക്കങ്ങളെ വെറുതെ പ്രതിരോധിക്കുക മാത്രമല്ല അവരെ പൂർണ്ണമായും തകർത്തെറിയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ നേതാക്കൾ നടത്തിയ മാർച്ചിനിടെ ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ താൻ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവർ ചേർന്ന് രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ തകർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകൂടത്തിന്റെ പക്ഷം ചേർന്ന് ‘വോട്ട് മോഷണത്തിന്’ തുണനിൽക്കുകയാണെന്നും, രാജ്യത്തോടും ജനാധിപത്യത്തോടും ചെയ്യുന്നത് രാജ്യദ്രോഹത്തിന് തുല്യമായ കുറ്റമാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അപാകതകൾക്കും ക്രമക്കേടുകൾക്കുമെതിരെ നിവേദനം നൽകാൻ എത്തിയ ജനപ്രതിനിധികളെയും മുന്നൂറോളം എം.പിമാരെയും വഴിയിൽ തടഞ്ഞ നടപടിയെയും അദ്ദേഹം ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഓഫീസ് തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും എം.പിമാരെ കാണാൻ കമ്മീഷണർ ഭയപ്പെടുകയാണെന്നും, ജനപ്രതിനിധികളുടെ ശബ്ദം കേൾക്കാൻ തയ്യാറാകാത്ത ഏകാധിപത്യ രീതിയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും രാഹുൽ ആരോപിച്ചു. ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നിന്നും ആർക്കും രക്ഷപ്പെടാനാകില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Articles

- Advertisement -spot_img

Latest Articles