ന്യൂഡൽഹി: തലസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടികൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിനികൾക്കും പ്രവർത്തകർക്കും നേരെ സംഘപരിവാർ അതിക്രമം. പ്രതിഷേധത്തിനിടെ ഒരു പെൺകുട്ടിയുടെ വസ്ത്രം വലിച്ചുകീറിയതായും പോലീസ് നോക്കിനിൽക്കെ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധക്കാരെ മർദ്ദിച്ചതായും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു. ഡൽഹിയിൽ നടന്നുക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ പോലീസും ഭരണകൂട അനുകൂലികളും നടത്തുന്ന നിയമവിരുദ്ധ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശങ്ങളെ പൂർണ്ണമായി ഹനിക്കുന്ന വിധത്തിലാണ് സംഭവങ്ങൾ അരങ്ങേറുന്നത്. പ്രതിഷേധത്തിനിടെയുണ്ടായ അക്രമങ്ങളെയും പോലീസിന്റെ നിസ്സംഗതയെയും കുറിച്ച് മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷ നേതാക്കളും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. പ്രതിഷേധക്കാരെ നേരിടാൻ പോലീസ് നവീകൃത മാർഗ്ഗങ്ങളും അടിച്ചമർത്തൽ തന്ത്രങ്ങളും സ്വീകരിക്കുന്നത് തലസ്ഥാനത്ത് വലിയ തോതിലുള്ള സംഘർഷാവസ്ഥയ്ക്കും ഭയത്തിനും കാരണമായിട്ടുണ്ട്.



