കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചില്ല. ഇതോടെ കേസിൽ വിജിലൻസ് എഫ്.ഐ.ആർ നിലനിൽക്കുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി നൽകിയതടക്കം നാല് റിട്ട് ഹർജികളും കോടതി തള്ളി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. പ്രത്യേക അനുമതി തേടിയ ശേഷം മാത്രമേ സ്റ്റേ ഹർജി പരിഗണിക്കാനാകൂ എന്നാണ് കോടതി വ്യക്തമാക്കിയത്. അപ്പീൽ സ്വീകരിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമറിയിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമതിയുടെ നിലപാടിനെ ഹൈക്കോടതിയിൽ ശക്തമായി പിന്തുണച്ച സർക്കാർ നിലപാടിനും കോടതിയുടെ ഈ ഉത്തരവ് തിരിച്ചടിയായി. ലഭിച്ച ഡയറി രേഖകൾ മാത്രം ഉപയോഗിച്ച് നേരിട്ട് കേസെടുക്കാൻ സാധിക്കില്ലെന്നും, വിശദമായ പ്രാഥമിക അന്വേഷണം നടത്തണമെന്നുമായിരുന്നു അഡ്വക്കേറ്റ് ജനറൽ കോടതിയിൽ വാദിച്ചത്. എന്നാൽ പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ എന്താണ് തടസ്സമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവർത്തിച്ച് ചോദിച്ചു. സിംഗിൾ ബെഞ്ചിന്റെ പ്രത്യേക ഉത്തരവുകൾ ഇല്ലെങ്കിൽ പോലും പൊലീസിന് സ്വന്തം നിലയ്ക്ക് എഫ്.ഐ.ആർ ഇടാമല്ലോ എന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇ.ഡി നൽകിയ തെളിവുകൾ കേസെടുക്കാൻ പര്യാപ്തമല്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി.
പ്രതികൾ അപ്പീൽ നൽകിയതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ ശക്തമായി എതിർത്തു. അതേസമയം, കേസിൽ ഹർജിക്കാരനായ കെ.എം. ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരനല്ലെന്ന ഗുരുതര ആരോപണവും സർക്കാർ കോടതിയിൽ ഉന്നയിച്ചു. നിയമനടപടികൾ കർശനമായി മുന്നോട്ടുപോകുന്നതോടെ മാസപ്പടി കേസ് രാഷ്ട്രീയപരമായും നിയമപരമായും സർക്കാരിന് കൂടുതൽ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.



