തിരുവനന്തപുരം: സർക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി സംസ്ഥാനത്തിന് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ധനവകുപ്പിനെ തീർത്തും നോക്കുകുത്തിയാക്കിയായിരുന്നു കിഫ്ബിയുടെ പ്രവർത്തനങ്ങൾ. കിഫ്ബിയുടെ പുനഃസംഘടനയും പ്രവർത്തനങ്ങളും സംബന്ധിച്ച് വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി മുൻ സി.ഇ.ഒ സർക്കാരിൽ എക്സ് ഒഫീഷ്യോ സെക്രട്ടറിയായി പ്രവർത്തിച്ചത് ഇരട്ടപ്പദവി വഹിക്കലാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കൺസൾട്ടൻസികൾക്ക് തുക നൽകിയതിലും ഭൂമി ഏറ്റെടുക്കലിലും വ്യക്തമായ ക്രമക്കേടുകൾ നടന്നിട്ടുണ്ട്. കിഫ്ബി വഴിയുള്ള അനിയന്ത്രിതമായ വായ്പകൾ കാരണം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്ര സർക്കാർ വലിയ വെട്ടിക്കുറവ് വരുത്തിയത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. ഗ്യാരന്റി നൽകേണ്ടതില്ലെന്ന ധനവകുപ്പിന്റെ തീരുമാനം മുൻ മുഖ്യമന്ത്രി അധ്യക്ഷനായ യോഗം അട്ടിമറിച്ചത് റൂൾസ് ഓഫ് ബിസിനസിന്റെ പരസ്യമായ ലംഘനമാണ്. ധനവകുപ്പിന്റെ തീരുമാനം മറികടക്കാനുള്ള അധികാരം മന്ത്രിസഭയ്ക്ക് മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ഉയർന്ന പലിശനിരക്കിൽ കടമെടുത്തതു വഴി 396 കോടി രൂപയുടെ അധികബാധ്യതയും മസാല ബോണ്ട് വഴി 181 കോടിയുടെ നഷ്ടവുമുണ്ടായി. പദ്ധതി നടത്തിപ്പിൽ 13,103 കോടി രൂപയുടെ അധികച്ചെലവാണ് രേഖപ്പെടുത്തിയത്. കണ്ണൂരിൽ 1000 ഏക്കർ ഭൂമി ഏറ്റെടുത്തതിൽ 50 ഏക്കർ മാത്രമാണ് നിലവിൽ ഉപയോഗിച്ചത്, ബാക്കി ഭൂമി വിനിയോഗിക്കാതെ ഇട്ടിരിക്കുകയാണ്. അഞ്ചിരട്ടി ഉയർന്ന തുക നൽകിയാണ് ഈ ഭൂമി ഏറ്റെടുത്തത്. വീണ്ടും 4000 ഏക്കർ ഏറ്റെടുക്കാൻ വിജ്ഞാപനമിറക്കിയതിന്റെ ഉദ്ദേശ്യം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിഫ്ബിയുടെ പരസ്യ പ്രചാരണങ്ങൾക്കായി കണക്കിൽ കാണിച്ച 21.16 കോടി രൂപയ്ക്ക് പകരം യഥാർത്ഥത്തിൽ 203 കോടിയിലേറെ രൂപയാണ് ഉയർന്ന പലിശയ്ക്കെടുത്ത വായ്പയിൽ നിന്ന് ചെലവഴിച്ചത്. ഇതിൽ വലിയ ക്രമക്കേട് നടന്നിട്ടുണ്ട്. അതേസമയം, കിഫ്ബി വഴി ആരംഭിച്ച പദ്ധതികൾ സർക്കാരിന് ഒരു സുപ്രഭാതത്തിൽ അവസാനിപ്പിക്കാൻ കഴിയില്ലെന്നും, എല്ലാത്തിനും സർക്കാരാണ് ഗ്യാരന്റി നൽകിയിട്ടുള്ളതെന്നതിനാൽ ഇവ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞു. ജനങ്ങൾക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായത്തിനായുള്ള വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.
കിഫ്ബിയുടെ തുടക്കകാലം മുതൽ പ്രതിപക്ഷം ചൂണ്ടിക്കാണിച്ച കാര്യങ്ങളെല്ലാം ശരിവെയ്ക്കുന്നതാണ് വിദഗ്ധ സമിതിയുടെ നിരീക്ഷണങ്ങൾ. മൂന്ന് മാസത്തെ വിപുലമായ പരിശോധനയ്ക്ക് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഏതുതരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് സർക്കാർ ആലോചിക്കുമെന്നും, മുൻ സർക്കാർ നിയമസഭയിൽ സി.എ.ജി റിപ്പോർട്ട് തള്ളിക്കളഞ്ഞത് വിചിത്രമായ നടപടിയായിരുന്നുവെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.



