ജിദ്ദ: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒക്ടോബർ 10-നുണ്ടായ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട അവസാന വർഷ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി ലമീസ് അസീറിയുടെ വിയോഗത്തിൽ കണ്ണീരടക്കാനാവാതെ കുടുംബം. അബഹയിലെ പ്രിൻസ് മുസൈദ് ബിൻ അബ്ദുൽറഹ്മാൻ സർവകലാശാലയിലെ പ്രിൻസിപ്പൽ പരീക്ഷയ്ക്ക് തൊട്ടുമുമ്പ് മാതാവിനൊപ്പം വൈദ്യപരിശോധനയ്ക്കായി റിയാദിലെത്തിയതായിരുന്നു ലമീസ്. തിരിച്ചുള്ള വിമാനത്തിനായി ടെർമിനലിൽ കാത്തിരിക്കവെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ലമീസ് കൊല്ലപ്പെടുകയും പരിക്കേറ്റ മാതാവ് നാഷണൽ ഗാർഡ് ഹോസ്പിറ്റലിൽ ചികിത്സയിലുമാണ്. വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മകളുടെ മരണവാർത്ത ആദ്യം വിശ്വസിക്കാൻ കഴിയാതിരുന്ന പിതാവ് അബഹയിൽ നിന്ന് റിയാദിലെത്തി അൽ-ഷുമൈസി ആശുപത്രിയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് മൃതദേഹം അൽ-ഷിഫ ഖബറിസ്ഥാനിൽ സംസ്കരിച്ചു. അവസാന പരീക്ഷയ്ക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമായിരുന്നു മകളുടെ വേർപാടൈന്നും, മരണത്തിന് തൊട്ടുമുമ്പ് ‘ഇഹ്സാൻ’ (Ehsan) പ്ലാറ്റ്ഫോം വഴി സഹായധനം നൽകിയതും ഖുറാൻ പഠനത്തെക്കുറിച്ച് സംസാരിച്ചതും വിടവാങ്ങലിന്റെ സൂചന പോലെയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ നിന്ന് അനുശോചന സന്ദേശം ലഭിക്കുകയും അസീർ ഗവർണർ പ്രിൻസ് തുർക്കി ബിൻ തലാൽ നേരിട്ട് കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. കൂടാതെ വിദ്യാഭ്യാസമന്ത്രി യൂസഫ് അൽ-ബെന്യാൻ ലമീസിന്റെ പേരിൽ ഗ്രാജുവേഷൻ സർട്ടിഫിക്കറ്റ് നൽകുമെന്ന് ഉറപ്പുനൽകിയതായും പിതാവ് വ്യക്തമാക്കി.



