നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്; മുഖ്യപ്രതി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോധനാഫലം

കൊച്ചി: ഏറെ കോലാഹലം സൃഷ്ടിച്ച നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ നിർണായക വഴിതിരിവ്. അപകട സമയത്ത് മുഖ്യപ്രതി സുഹൈൽ മദ്യപിച്ചിരുന്നതായി കാക്കനാട്ടെ റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനാഫലത്തിൽ സ്ഥിരീകരിച്ചു. അതിനിടെ, പ്രതിയെ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടുത്താൻ ആലപ്പുഴയിലെ മുതിർന്ന കോൺഗ്രസ് നേതാവ് എ. ഷുക്കൂർ ഇടപെട്ടെന്ന ഗുരുതര രാഷ്ട്രീയ ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. എന്നാൽ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആവശ്യമെങ്കിൽ തന്റെ ഫോൺ കോൾ റെക്കോർഡുകൾ പുറത്തുവിടാൻ തയ്യാറാണെന്നും വ്യക്തമാക്കി എ. ഷുക്കൂർ ആരോപണം പൂർണ്ണമായും തള്ളി.

കസ്റ്റഡിയിലുള്ള പ്രതി സുഹൈലുമായി പൊലീസ് സംഭവസ്ഥലത്തും അപകടത്തിന് മുൻപ് പ്രതികൾ മദ്യപിച്ച ബാറുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. പൊലീസ് പിടിയിലായ പ്രതി നീട്ടിവളർത്തിയ മുടി വെട്ടി രൂപമാറ്റം വരുത്തിയിരുന്നു. സുഹൈലിനെ വാഹനത്തിനുള്ളിലിരുത്തിയാണ് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ സാങ്കേതിക പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. സുഹൈൽ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും; മദ്യപിച്ചതിന്റെ ശാസ്ത്രീയ തെളിവുകൾ നിരത്തി പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് കോടതിയിൽ ശക്തമായി വാദിക്കാനാണ് പൊലീസിന്റെ നീക്കം.

അതേസമയം, സംസ്ഥാനത്ത് വർധിച്ചുവരുന്ന വാഹനങ്ങളുടെ അമിതവേഗതയിൽ ഹൈക്കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. നിലവിലുള്ള ട്രാഫിക് ക്യാമറകൾക്ക് അമിതവേഗത കൃത്യമായി കണ്ടെത്താൻ സാധിക്കുന്നുണ്ടോ എന്ന് ചോദിച്ച കോടതി, വേഗത കണ്ടെത്താനായി വിദഗ്ധ സംഘത്തെ നിയോഗിച്ച് കാര്യക്ഷമമായ സംവിധാനം ഒരുക്കാൻ ഗതാഗത വകുപ്പിനോട് നിർദേശിച്ചു.

Related Articles

- Advertisement -spot_img

Latest Articles