ന്യൂഡൽഹി: യു.എസിലെ ചിക്കാഗോയിൽ മുൻ സഹപ്രവർത്തകനുമായി പ്രണയത്തിലാവുകയും ഒന്നിച്ച് ജീവിക്കാൻ വിസമ്മതിക്കുകയും ചെയ്ത ഭാര്യയെ ഇന്ത്യൻ വംശജനായ യുവാവ് കുത്തിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 31കാരനായ അങ്കൂർ പട്ടേലാണ് 32 കാരിയായ ഭാര്യയെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ വേർപിരിഞ്ഞ് ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. ദമ്പതികൾക്ക് ഒരു മകളുണ്ട്.
കുടുംബാംഗങ്ങളുടെ സമ്മർദ്ദം കാരണം വേർപിരിയലിനു ശേഷം യുവതി കുറച്ചുനാൾ പട്ടേലിനൊപ്പം വീണ്ടും താമസിച്ചിരുന്നെങ്കിലും, മറ്റൊരു യുവാവുമായി പ്രണയത്തിലായതിനെ തുടർന്ന് ലൂസിയാനയിലേക്ക് താമസം മാറുകയാണുണ്ടായത്. മകൾ അങ്കൂർ പട്ടേലിന്റെ കൂടെയായിരുന്നു കഴിഞ്ഞിരുന്നത്. യുവതിയെയും പുതിയ പങ്കാളിയെയും കൊല്ലുമെന്ന് പട്ടേൽ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും, മകളോട് സംസാരിക്കാൻ യുവതിയെ അനുവദിച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത് ഇരുവരും തമ്മിലുള്ള നിരന്തര വഴക്കുകൾക്ക് കാരണമായി.
കുറ്റകൃത്യം നടക്കുന്നതിന് ഏകദേശം രണ്ട് ആഴ്ച മുമ്പ് പട്ടേൽ ചിക്കാഗോയിലെ ബന്ധുക്കളുടെ അടുത്തേക്ക് താമസം മാറ്റിയിരുന്നു. കൂടാതെ ഭാര്യയെ അറിയിക്കാതെ മകളെ ഇന്ത്യയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് അയക്കുകയും ചെയ്തു. തുടർന്ന് മകളെ കാണാൻ ചിക്കാഗോയിലേക്ക് വരാൻ പട്ടേൽ ഭാര്യയെ ക്ഷണിച്ചു. കുട്ടി ഇന്ത്യയിലേക്ക് പോയതറിയാതെ യുവതിയും പുതിയ പങ്കാളിയും കാറിൽ ചിക്കാഗോയിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ യുവതിയുടെ പങ്കാളി കെട്ടിടത്തിന് പുറത്ത് കാത്തിരിക്കുകയും, യുവതി പട്ടേലിന്റെ ഫ്ലാറ്റിലേക്ക് കയറുകയും ചെയ്തു. ഫ്ലാറ്റിലെത്തിയപ്പോഴാണ് മകൾ അവിടെയില്ലെന്ന വിവരം യുവതി മനസ്സിലാക്കിയത്.
വീണ്ടും ഒന്നിച്ച് ജീവിക്കാൻ താൽപ്പര്യമുണ്ടെന്ന് പട്ടേൽ അറിയിച്ചെങ്കിലും യുവതി അത് നിരസിക്കുകയും, താൻ പുതിയ പങ്കാളിയോടൊപ്പം തന്നെ ജീവിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പട്ടേൽ യുവതിയുടെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പൊലീസ് വിജയകരമായി പിടികൂടി.



