ന്യൂഡൽഹി: സി.ജെ.പിയുടെ ‘തിരംഗ മാർച്ചിനിടേ’ രാജ്യതലസ്ഥാനത്ത് കനത്ത സംഘർഷം. നേരത്തെ സി.ജെ.പി നേതാവ് അഭിജിത് ദീപ്കെയെയും ഐസ (AISA) നേതാവ് നേഹ ബോറയെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയ പ്രവർത്തകർക്ക് നേരെയും പൊലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്. പാലിക ബസാറിന് സമീപം തിരംഗ പതാകയുമായി പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി. ഇതോടെ പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.
ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നടക്കാനിരുന്ന തിരംഗ മാർച്ചിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നിറങ്ങിയപ്പോഴാണ് അഭിജിത് ദീപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. പ്രക്ഷോഭം തടയാൻ അധികാരികൾ വ്യാപകമായ നിയന്ത്രണങ്ങളും അറസ്റ്റുകളും അഴിച്ചുവിട്ടിട്ടും വിവിധ വിദ്യാർഥി സംഘടനകളുടെയും രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിഷേധങ്ങൾ തുടരുകയാണ്.



