ഡൽഹിയിൽ ‘തിരംഗ മാർച്ചിന്’ നേരെ പൊലീസ് നടപടി കടുപ്പിച്ചു; നേതാക്കൾ കസ്റ്റഡിയിൽ, എം.പിമാർ പ്രക്ഷോഭ രംഗത്ത്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ച ‘തിരംഗ മാർച്ച്’ തടയാൻ പൊലീസ് നടപടി ശക്തമാക്കി. സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയെ മുൻകരുതലായി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ, സമരത്തിൽ പങ്കെടുത്ത ഐസ (AISA) നേതാവ് നേഹാ ബോറയെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെ പൊലീസിന്റെ കടുത്ത നടപടികൾക്കെതിരെ സി.ജെ.പി പ്രക്ഷോഭം കൂടുതൽ കടുപ്പിച്ചു.

സി.ജെ.പിക്ക് പുറമേ എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നീ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിലേക്ക് മാർച്ച് നടത്തി. കേരളത്തിൽ നിന്നുള്ള എം.പിമാരായ വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം, സന്തോഷ് കുമാർ എന്നിവർ നേരിട്ടെത്തിയാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്. അതേസമയം, സെൻട്രൽ പാർക്കിൽ ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കം ചെയ്യാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. നഗരത്തിലേക്ക് കൂടുതൽ പ്രവർത്തകർ പ്രവേശിക്കുന്നത് തടയാനായി അതിർത്തുളിലും പ്രധാന കേന്ദ്രങ്ങളിലും കനത്ത സുരക്ഷാ വ്യൂഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഡൽഹിക്ക് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമാകുകയാണ്.

Related Articles

- Advertisement -spot_img

Latest Articles