നേഹ ബോറ എവിടെയെന്ന് വിവരമില്ല; ഡൽഹി പൊലീസിനെതിരെ വ്യാപക പ്രതിഷേധം

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ‘ലെഹ്രാ ദോ തിരംഗ’ മാർച്ചിൽ പങ്കെടുത്തതിന് കസ്റ്റഡിയിലെടുത്ത ഐസ നേതാവ് നേഹ ബോറയെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്ന് ആക്ഷേപം. മണ്ഡി ഹൗസിൽ നിന്നും കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിലേക്ക് ജെ.എൻ.യു വിദ്യാർഥികൾ നയിച്ച പ്രതിഷേധ മാർച്ചിനിടെയാണ് ഡൽഹി പൊലീസ് നേഹ ബോറയെ അറസ്റ്റ് ചെയ്തത്. അവരെ കസ്റ്റഡിയിലെടുക്കുമ്പോൾ വാഹനാവശ്യങ്ങൾക്കായി യൂണിഫോമിലല്ലാത്ത രണ്ട് പേർ കൂടി ഉണ്ടായിരുന്നതായി ഐസ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.

ആദ്യം മംഗളാപുരിയിലുള്ള ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സിന്റെ ഓഫീസിലേക്കാണ് നേഹയെ കൊണ്ടുപോയത്. എന്നാൽ അവിടെനിന്നും സ്വകാര്യ സ്വഭാവമുള്ള പ്രത്യേക വാഹനത്തിൽ മറ്റൊരിടത്തേക്ക് മാറ്റിയെന്നും പിന്നീട് ഇവരെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ഐസ ഭാരവാഹികൾ വ്യക്തമാക്കി. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ലോക്‌സഭ എം.പി ജോൺ ബ്രിട്ടാസ് രംഗത്തെത്തി. ഐസ നേതാവ് അഞ്ജലി തന്നോട് കാര്യങ്ങൾ വിശദീകരിച്ചുവെന്നും കസ്റ്റഡിയിലുള്ള നേഹ ബോറയെ എവിടേക്കാണ് കൊണ്ടുപോയതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കണമെന്നും ബ്രിട്ടാസ് എക്സിലൂടെ (X) ആവശ്യപ്പെട്ടു.

“ഡൽഹി പൊലീസ് എന്ത് തരത്തിലുള്ള ക്രമസമാധാന പാലനമാണ് നടത്തുന്നത്? നിങ്ങൾ നിയമത്തോട് ഉത്തരവാദിത്തമുള്ളവരാണെന്ന് ഓർക്കുക, ആരും നിയമത്തിന് മുകളിലല്ല,” എന്നും ബ്രിട്ടാസ് മുന്നറിയിപ്പ് നൽകി. എവിടെയാണെന്ന് വ്യക്തമാക്കാതെ ആളുകളെ ഇത്തരത്തിൽ തടങ്കലിൽ വെക്കുന്നത് പൂർണ്ണമായും നിയമവിരുദ്ധവും മനുഷ്യത്വ രഹിതവുമാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്തുവന്നു. നേഹ ബോറയും സി.ജെ.പി നേതാവ് അഭിജീത് ദിപ്കെയും നിലവിൽ എവിടെയാണെന്ന് പൊലീസ് പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ പുരോഗമന യുവത്വത്തെയും വിദ്യാർഥി സമൂഹത്തെയും പ്രതിനിധീകരിക്കുന്ന ഒരു യുവനേതാവിനെ നിഗൂഢമായ രീതിയിൽ ‘അപ്രത്യക്ഷമാക്കിയ’ സംഭവം തികച്ചും ഞെട്ടിക്കുന്നതാണെന്നും, ഇതിലേക്ക് ലോകമെമ്പാടുമുള്ള ജനാധിപത്യ സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നുവെന്നും പ്രമുഖ ഗായകൻ വിശാൽ ദാദ്ലാനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Related Articles

- Advertisement -spot_img

Latest Articles